ആയിരം രൂപയാണെങ്കില്‍ പോലും സാധാരണഗതിയില്‍ ലോട്ടറി അടിച്ചാല്‍ ആ സന്തോഷം ആദ്യം പങ്കുവയ്ക്കുക വീട്ടുകാരോട് ആയിരിക്കും. എന്നാല്‍ ഇവിടെ ഇതാ ഒരു മനുഷ്യന് 247 കോടി രൂപയുടെ ലോട്ടറി അടിച്ചിട്ടും ആ സന്തോഷവാര്‍ത്ത ഭാര്യയോടും കുട്ടിയോടും പറയാതെ മറച്ചു വെച്ചിരിക്കുകയാണ്. അതിനു കാരണമായി ഇയാള്‍ പറയുന്നത് തനിക്ക് ലോട്ടറി അടിച്ച വിവരം അറിഞ്ഞാല്‍ ഭാര്യയും കുട്ടിയും മടി പിടിച്ചു പോകുമെന്നാണ്.
ചൈനയിലെ ഗുവാങ്സിയിലെ നാനിംഗില്‍ നിന്നുള്ള ലീ എന്നു മാത്രം സ്വയം പരിചയപ്പെടുത്തുന്ന ആളാണ് വീട്ടുകാര്‍ അലസന്മാരായി പോകും എന്ന ഭയത്താല്‍ ലോട്ടറി അടിച്ച വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വെച്ചത്. ഒക്ടോബര്‍ 24 -നാണ് അദ്ദേഹം എടുത്ത ലോട്ടറിക്ക് 219 മില്യണ്‍ യുവാന്‍ അടിക്കുന്നത്. അതായത് ഏകദേശം 2,47,17,15,000 ഇന്ത്യന്‍ രൂപ. എന്നാല്‍ തനിക്ക് ലോട്ടറി അടിച്ച വിവരം ഇയാള്‍ ആരോടും പറഞ്ഞില്ല. സമ്മാനത്തുക വാങ്ങുന്നതിനായി ലോട്ടറി ഓഫീസില്‍ തനിച്ചെത്തിയ ഇയാള്‍ തന്റെ ഐഡന്റിറ്റി ആരും തിരിച്ചറിയാതിരിക്കാന്‍ കാര്‍ട്ടൂണ്‍ വേഷം ധരിച്ചാണ് എത്തിയത്. ചൈനയില്‍ ലോട്ടറി അടിക്കുന്നവര്‍ തങ്ങളുടെ ഐഡന്റിറ്റി പുറത്തിറയാതിരിക്കാന് ഇത്തരത്തില്‍ വേഷപ്രച്ഛന്നരായി എത്തുന്നത് പതിവാണ്.
എന്നാല്‍ ലീ യ്ക്ക് ഇക്കാര്യം മറച്ചു വയ്ക്കേണ്ടിയിരുന്നത് ഭാര്യയില്‍ നിന്നും കുഞ്ഞില്‍ നിന്നും ആയിരുന്നു. തനിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞാല്‍ അവര്‍ ഇനി ഒരു ജോലിക്കും പോകില്ല എന്നും ജീവിതകാലം മുഴുവന്‍ സുഖലോലുപരായി കഴിയുമെന്നുമായിരുന്നു ഇയാളുടെ വാദം. താന്‍ വിജയിയാണെന്നറിഞ്ഞ രാത്രി തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും പക്ഷേ എന്നിട്ടും തന്റെ കുടുംബത്തിന്റെ ശോഭനമായ ഭാവിയെ കരുതി തനിക്ക് ലോട്ടറി അടിച്ച വിവരം അവരെ അറിയിച്ചില്ലെന്നും ദേശീയ മാധ്യമങ്ങളോട് അയാള്‍ പ്രതികരിച്ചു. ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ തലസ്ഥാനമായ നാനിംഗിലെത്തിയ ഇയാള്‍ ഒരു ഹോട്ടലിലാണ് അന്തിയുറങ്ങിയത്. ഒരു ദിവസം മുഴുവന്‍ പുറത്തിറങ്ങാതെ താന്‍ മുറിയിലിരുന്നതായി ഇയാള്‍ പറഞ്ഞു. ടിക്കറ്റ് എങ്ങനെയെങ്കിലും നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് താന്‍ പുറത്തിറങ്ങാതിരുന്നത് എന്നാണ് ലി പറയുന്നത്.