സൗദി അറേബ്യയിൽ വിവാഹമോചന നിരക്കിൽ അഭൂതപൂർവമായ വർദ്ധനയെന്ന് റിപ്പോർട്ട്. ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകൾ എന്ന നിരക്കിൽ പ്രതിദിനം 168 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.
2020 ലെ അവസാന അഞ്ച് മാസം മാത്രം രാജ്യത്ത് 57,595 വിവാഹമോചന കേസുകളിൽ ഉത്തരവ് പുറപ്പെടുവിച്ചു, 2019 നെ അപേക്ഷിച്ച് 12.7 ശതമാനം വർദ്ധന. സാമൂഹ്യ മാധ്യമങ്ങളാണ് വിവാഹ മോചനങ്ങൾക്ക് പ്രധാനകാരണമാകുന്നതെന്നും സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അൽ യൂം റിപ്പോർട്ട് ചെയ്തു.
10 വർഷത്തിനിടെ വിവാഹ മോചന കേസുകൾ ഗണ്യമായി വർധിച്ചു. 2010-ൽ 9,233 കേസുകളായിരുന്നു സൗദിയിൽ ആകെ ഉണ്ടായിരുന്നതെങ്കിൽ 2011-ൽ അത് 34,000 ആയി ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ കേസുകൾ വർദ്ധിച്ച് 2020ൽ 57,000 ൽ എത്തി. ജീവിതത്തിന്റെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകളും കോവിഡാനന്തരം ഉണ്ടായ ഉയർന്ന ജീവിതച്ചെലവുമാണ് സൗദി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിവാഹമോചന കേസുകൾക്ക് ആധാരമായി സാമൂഹ്യ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരവും സാമൂഹ്യ ഇടപെടലുകളും കുടുംബങ്ങളിലെ അന്തഃഛിദ്രങ്ങൾക്ക് കാരണമാകുന്നു.