CrimeNEWS

പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് തമാശയും അശ്‌ളീലവും; 25 -കാരിക്ക് “എട്ടി​ന്റെ പണി”

സ്വയം കുഴി തോണ്ടുക എന്ന് പറയാറില്ലേ, എന്തോ ചിലര്‍ക്ക് അതൊരു ഹരമാണ്. അത്തരത്തില്‍ പോലീസ് എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് തമാശ കളിച്ച യുവതി പുലിവാലു പിടിച്ചിരിക്കുകയാണ്. പോലീസിന്റെ എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പര്‍ ആയ ഒന്ന് ഒന്ന് രണ്ടില്‍ (112) ലേക്ക് വിളിച്ച് തമാശ കളിക്കുകയും പോലീസുകാരെ അധിക്ഷേപിക്കുകയും ചെയ്തതിനാണ് 25 -കാരിയായ യുവതിക്ക് പോലീസിന്റെ വക നല്ല മുട്ടന്‍ പണി കിട്ടിയത്.

ഹരിയാനയിലെ പഞ്ച്കുളയിലെ ബീര്‍ ഗഗ്ഗര്‍ നിവാസിയായ സുമന്‍ എന്ന 25 -കാരിയാണ് അടിയന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 112 ലേക്ക് തുടരെത്തുടരെ കോളുകള്‍ ചെയ്തു പോലീസിനെ ബുദ്ധിമുട്ടിലാക്കിയത്. അനാവശ്യമായി കോളുകള്‍ ചെയ്യുന്ന ഈ പെണ്‍കുട്ടി ഫോണിലൂടെ പോലീസുകാരോട് വെറുതെ സംസാരിച്ചുകൊണ്ടിരിക്കുകയും പാട്ടുകള്‍ പാടുകയും എന്തിനേറെ അവരെ അസഭ്യം പറയുകയും വരെ ചെയ്തു. ഒടുവില്‍ സഹികെട്ട് പോലീസ് ആളെ പിടികൂടാന്‍ തീരുമാനിച്ചു. അങ്ങനെ പോലീസ് പിടിയിലായ 25 കാരിക്ക് മൂന്നുമാസത്തെ തടവ് ശിക്ഷയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഫോണിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയതിനും പോലീസിന്റെ ഡ്യൂട്ടിക്ക് തടസ്സം നിന്നതിനുമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Signature-ad

ടെലികോം പോലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് കാലിയ നല്‍കിയ പരാതിയിലാണ് യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് അടിയന്തര സേവനം ലഭ്യമല്ലാതാക്കുന്നതിനും ആവശ്യമുള്ളവര്‍ക്ക് സഹായകരമാകുന്ന വിലയേറിയ സമയം പാഴാക്കുന്നതിനും ഈ കോളുകള്‍ കാരണമായതായി പോലീസ് പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 186 (പൊതു ചടങ്ങുകള്‍ നിര്‍വഹിക്കുന്നതില്‍ പൊതുപ്രവര്‍ത്തകനെ തടസ്സപ്പെടുത്തല്‍), 290 (പൊതു ശല്യം), 294 (അശ്ലീല പ്രവൃത്തിയും പാട്ടും) എന്നിവ പ്രകാരം സെക്ടര്‍-5 പോലീസ് സ്റ്റേഷനിലാണ് സുമനെതിരെ കേസെടുത്തതത്. ഏതായാലും യുവതിയുടെ കളി കാര്യമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Back to top button
error: