ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുക്രൈന്‍ യുദ്ധത്തിനിടയിലും ദേശീയ താത്പര്യം മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരമാണെന്ന് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാം. എന്നാല്‍ പാകിസ്ഥാൻ ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയമാണെന്നും സർക്കാരിനെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ ഹഖിഖി ആസാദി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇമ്രാൻഖാൻ.
രാജ്യത്തിന്റെ തീരുമാനങ്ങള്‍ രാജ്യതാത്പര്യത്തിന് അനുസരിച്ചായിരിക്കണം. റഷ്യ വിലകുറഞ്ഞ എണ്ണയാണ് നല്‍കുന്നതെങ്കില്‍, എന്റെ നാട്ടുകാരെ രക്ഷിക്കാന്‍ എനിക്ക് അവസരമുണ്ടെങ്കില്‍, ആരെയും അതിനെക്കുറിച്ച് ചോദ്യം ചെയ്യാൻ അനുവദിക്കരുത്. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ആവശ്യമായ എണ്ണ വാങ്ങാം. എന്നാല്‍ അടിമകളായ പാകിസ്താനികൾക്ക് അതിന് അനുവാദമില്ല. ഒരു സ്വതന്ത്ര രാഷ്ട്രമായി പാകിസ്ഥാനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീതി വിജയിക്കണം, ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സുരക്ഷയും നല്‍കുകയും വേണം. ഇമ്രാന്‍ ഖാൻ പറഞ്ഞു.
പാകിസ്ഥാനിലെ സാധാരണക്കാര്‍ ദുരിതത്തിലാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യത്തെ ബാധിച്ചിരിക്കുന്ന പണപ്പെരുപ്പം സ്ഥിതി കൂടുതല്‍ വഷളാക്കി. ഒരേ പോലെ സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളാണെങ്കിലും തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്ത്യയ്ക്കുള്ള സ്വാതന്ത്ര്യം പാകിസ്ഥാന് ഇല്ല. ഇന്ത്യയുടെ ശക്തമായ വിദേശനയമാണ് പല തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നത്. അതുപോലൊരു സ്വതന്ത്ര വിദേശനയം കൊണ്ട് വരാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇതാദ്യമായല്ല ഇമ്രാൻ ഖാൻ ഇന്ത്യയെ പുകഴ്ത്തുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ വിമർശിച്ചതിന് പാശ്ചാത്യ രാജ്യങ്ങളെ അദ്ദേഹം എതിർത്ത് സംസാരിച്ചിരുന്നു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഇമ്രാൻ ഖാൻ നേരത്തെയും പ്രശംസിച്ചിട്ടുണ്ട്.