ആഗ്ര:വിവാഹാഘോഷത്തിന്റെ ഭാഗമായുള്ള മധുരപലഹാരം ലഭിക്കാത്തതിന്റെ പേരില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്.സംഭവത്തിൽ ഒരാൾ കുത്തേറ്റ് മരിക്കുകയും ചെയ്തു.
22 വയസ്സുകാരനായ സണ്ണിയാണ് കൊല്ലപ്പെട്ടത്. 5 പേര്‍ക്കു പരുക്കേറ്റു. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം.
മൊഹല്ല ഷെയ്ഖാന്‍ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് അക്രമണം ഉണ്ടായത്. രസഗുള തീര്ന്നുപോയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ് വീണ സണ്ണിയെ ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരുക്കേറ്റവര്‍ എത്മദ്പുരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.