ഹൈദരാബാദ്: ഗ്രാമത്തിലെ യുവാക്കളുമായി അടുത്തിടപഴകിയതിൽ കുപിതനായ പിതാവ് 15കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ വനപർത്തി ജില്ലയിലാണ് ദാരുണസംഭവം. പെബൈർ മണ്ഡലത്തിലെ ഗ്രാമത്തിൽ നിന്നുള്ള 37 കാരനായ കർഷകനാണ് പത്താം ക്ലാസിൽ പഠിക്കുന്ന മകളെ ചൊവ്വാഴ്ച വീട്ടിൽവെച്ച് കൊലപ്പെടുത്തിയത്. മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് 15കാരി.
ദീപാവലി അവധിക്ക് കുട്ടികൾ അമ്മയോടൊപ്പം അമ്മ വീട്ടിലേക്ക് പോയി. അമ്മ സ്വന്തം വീട്ടിൽ താമസിക്കുകയും കുട്ടികൾ തിരിച്ചെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂത്ത പെൺകുട്ടി അവളുടെ കോളേജിലേക്കും ഇളയവൾ സ്കൂളിലേക്കും പോയി. സ്കൂൾ തുറക്കാത്തതിനാൽ 15കാരി വീട്ടിൽ തന്നെയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പെൺകുട്ടി ഗ്രാമത്തിലെ യുവാക്കളോട് സംസാരിച്ച് നിൽക്കുന്നത് പിതാവ് കണ്ടു. ഗ്രാമത്തിലെ ആൺകുട്ടികളോട് സംസാരിക്കരുതെന്ന് ഇയാൾ പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകിയിട്ടും സംസാരിച്ചതാണ് പ്രകോപിപ്പിച്ചത്.
സമീപത്തിരുന്ന കോടാലിയെടുത്താണ് ഇയാൾ പെൺകുട്ടിയെ വെട്ടിയത്. സംഭവ സ്ഥലത്തുവെച്ച് തന്നെ പെൺകുട്ടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വനപർത്തി എസ്പി കെ അപൂർവ റാവു പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പിതാവിനെ അറസ്റ്റ് ചെയ്തു. ഇയാൾ കർഷകനാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷം സംഭവം ദുരഭിമാനക്കൊലയല്ലെന്നും മകൾ പറഞ്ഞത് അനുസരിക്കാത്തതിൽ പ്രകോപിതനായി ആക്രമിച്ചതാണെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഐപിസി 302 പ്രകാരം പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. 35കാരനായ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.