കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായങ്ങള്‍ ചെയ്ത് നല്‍കിയ കേസില്‍ ഇന്നലെ രാത്രി അറസ്റ്റിലായ എം.ശിവശങ്കര്‍ മാധ്യമങ്ങള്‍ക്കു മുന്‍പിലും ആശുപത്രിയിലും നിശബ്ദനായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴും തലകുനിച്ച് മേശയില്‍ ചാഞ്ഞു കിടന്നു.
സംസ്ഥാന സിവില്‍ സര്‍വ്വീസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത്. കള്ളപ്പണ്ണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന കുറ്റത്തിന് പിഎംഎല്‍എ നിയമപ്രകാരം ശിവശങ്കറിന് 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായ പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ബെഞ്ചാവും കേസ് കേള്‍ക്കുക. ശിവശങ്കറിനെ ഒരാഴ്ച കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ഇഡിയുടെ തീരുമാനം
കസ്റ്റംസ് ഉദ്യോസ്ഥരുടെ സാന്നിധ്യത്തില്‍ അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. സ്വപ്‌ന സുരേഷിന് കള്ളപ്പണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കിയതിനെപ്പറ്റിയായിരുന്നു ഇഡി ചോദ്യം. ഇഡിക്ക് പിന്നാലെ വിദേശത്തേക്ക് ഡോളര്‍ കടത്താന്‍ സ്വപ്‌ന സുരേഷിനെ സഹായിച്ച കേസില്‍ കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്യും. കസ്റ്റംസ് കസ്റ്റിഡിയിലിരിക്കെയായിരുന്നു ശിവശങ്കറിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും തുടര്‍ന്ന് വൈദ്യ സഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.