KeralaNEWS

മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ; “മാധ്യമങ്ങളോട് എന്നും ബഹുമാനം മാത്രം, കടക്ക് പുറത്തെന്ന് പറഞ്ഞത് ഞാനല്ല”

തിരുവനന്തപുരം : മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളോട് എന്നും ബഹുമാനം മാത്രമാണെന്നും അത്തരം നിലപാടാണ് താൻ മുൻപും സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ വിശദീകരിച്ചു.  മാധ്യമങ്ങളെന്ന വ്യാജേന വാർത്താ സമ്മേളനങ്ങളിൽ പാർട്ടി കേഡറുകളെത്തുന്നുവെന്ന പരാമർശം വിവാദമായതോടെയാണ് പ്രത്യേക വാർത്താ സമ്മേളനത്തിൽ ഗവർണറുടെ വിശദീകരണം. പാർട്ടി കേഡർ ജേർണലിസ്റ്റ് ചമയുന്നുവെന്ന പരാമർശം ആവർത്തിക്കുകയാണെന്നും അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവർത്തകരോട് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് നേരത്തെ നടത്തിയ ‘കടക്ക് പുറത്ത്’, ‘മാധ്യമ സിൻഡിക്കേറ്റ്’ പരാമർശങ്ങളും ഗവർണർ സൂചിപ്പിച്ചു. ഭരണ പക്ഷത്തിനിരിക്കുമ്പോൾ മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ പരാമർശം നടത്തിയത് താനല്ലെന്നും പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങളെ മാധ്യമ സിൻഡിക്കേറ്റെന്ന് വിളിച്ചതാരാണെന്ന് ഓർമ്മിക്കുന്നില്ലേയെന്നും ഗവർണർ ചോദിച്ചു. സർവകലാശാല വിസിമാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

Signature-ad

സര്‍വ്വകലാശാല വിസിമാരോട് രാജിവക്കാനുള്ള നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയര്‍ത്ത് സംസാരിച്ചത്. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റാണെന്ന രീതിയിൽ വന്ന് ചോദ്യങ്ങൾ ചോദിക്കുകയാണെന്നായിരുന്നു ഗവർണറുടെ വിമർശനം. നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണെന്ന് ചോദിച്ച ഗവർണർ ചിലർ മാധ്യമ പ്രവർത്തകരായി നടിക്കുകയാണെന്നും അത്തരം ആളുകളോട് സംസാരിച്ചു കളയാൻ സമയമില്ലെന്നുമാണ് തുറന്നടിച്ചത്.

അതേ സമയം, നാല് മാധ്യമങ്ങളെ ഇന്ന് നടത്തിയ പ്രത്യേക വാർത്താസമ്മേളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുപ്പിച്ചില്ല. ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത തിരുത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും അതാണ് അത്തരം മാധ്യമങ്ങളെ ഒഴിവാക്കാൻ കാരണമെന്നുമാണ് ഗവർണർ നൽകിയ വിശദീകരണം.

രാജ് ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകുകയുണ്ടായി. രാജ് ഭവൻ പിആർഒ ആവശ്യപെട്ടിട്ടും തിരുത്താൻ അവർ തയ്യാറായില്ല. അതുകൊണ്ടാണ് അത്തരം മാധ്യമങ്ങളെ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. പാർട്ടി കേഡറുകളെ താൻ വാർത്താ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനുദ്ദേശിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.

Back to top button
error: