‘ഉയിരിനേയും ഉലകത്തേയും’ കൈയ്യിലേന്തി ദീപാവലി ആശംസ നേര്‍ന്ന് നയന്‍താരയും വിഘ്നേഷും
ചെന്നൈ: ദീപാവലി ആംശസ നേര്‍ന്ന് താരദമ്പതികളായ നയന്‍താരയും വിഘ്േനഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ കൈകളിലേന്തിയാണ് ഇരുവരും ആശംസ നേര്‍ന്നത്. ആദ്യമായാണ് രണ്ടു പേരും കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നതായി വിഘ്നേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. ഉയിര്‍, ഉലകം എന്നാണ് ഇരട്ട ആണ്‍കുഞ്ഞുങ്ങളുടെ പേര്.
തൊട്ടുപിന്നാലെ തമിഴ്‌നാട് ആരോഗ്യവകുപ്പ് താരങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്ന് അന്വേഷിക്കാനായി ഉത്തരവിടുകയും ചെയ്തു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം തിരഞ്ഞെടുക്കാവൂ എന്ന് ചട്ടമുണ്ട്.
ഇതിന് പിന്നാലെ താരദമ്പതികള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വിവാഹച്ചടങ്ങുകള്‍ നടത്തിയത് ഈ വര്‍ഷം ജൂണിലായിരുന്നുവെങ്കിലും 2016ല്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് വിഘ്നേഷ് ശിവനും നയന്‍താരയും വിശദീകരണത്തില്‍ പറഞ്ഞത്.