CrimeNEWS

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സര്‍ക്കാര്‍ കമ്പനി സിഇഒ ഉള്‍പ്പെടെ 30 പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ അഴിമതിയും അധികാര ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ കമ്പനി സിഇഒയും ആഭ്യന്തര മന്ത്രാലയത്തിലെ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 30 പേര അറസ്റ്റ് ചെയ്തു. ഓവര്‍സൈറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയതിനാണ് സര്‍ക്കാര്‍ കമ്പനി സിഇഒയെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖകള്‍ ചമച്ച് സിവില്‍ ഡിഫന്‍സില്‍ നിന്ന് 1,60,000 റിയാല്‍ തട്ടിയെടുത്ത സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനും സ്വദേശിക്ക് വായ്പ അനുവദിക്കാനുള്ള നടപടികള്‍ നിയമ വിരുദ്ധമായി പൂര്‍ത്തിയാക്കുന്നതിന് കൈക്കൂലിയായി 20,000 റിയാല്‍ കൈപ്പറ്റിയ വിദേശിയും പിടിയിലായി. തങ്ങളുടെ മക്കളാണെന്ന് പറഞ്ഞുകൊണ്ട് ഏതാനും പേരെ ഫാമിലി രജിസറ്ററുകളില്‍ നിയമ വിരുദ്ധമായി ചേര്‍ത്തതിന് 64,000 റിയാല്‍ കൈക്കൂലി നല്‍കിയ മൂന്ന് സൗദി പൗരന്മാരും അറസ്റ്റിലായി.

Signature-ad

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കരാറുകള്‍ വഴിവിട്ട നിലയില്‍ അനുവദിക്കുന്നതിന് കൂട്ടുനിന്ന് സ്വകാര്യ കമ്പനിയില്‍ നിന്ന് നാലര ലക്ഷം റിയാല്‍ കൈക്കൂലി സ്വീകരിച്ചതിനാണ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കമ്പനി ഉടമയെയും അറബ്് വംശജനായ എക്‌സിക്യൂട്ടീവ് മാനേജരെയും അറസ്റ്റ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ട പെര്‍മിറ്റുകള്‍ നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് വിദേശിയില്‍ നിന്ന് 12,000 റിയാല്‍ കൈപ്പറ്റിയതിനാണ് അറബ് വംശജനായ എക്‌സിക്യൂട്ടീവ് മാനേജരെ അറസ്റ്റ് ചെയ്തത്.

സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിയമവിരുദ്ധമായി പൂര്‍ത്തിയാക്കാന്‍ സൗദി വനിതയുടെ പക്കല്‍ നിന്ന് 15 ലക്ഷം റിയാലും ആറു വില്ലകളുടെ പ്രമാണവുമായി ബന്ധപ്പെട്ട നടപടികള്‍ നിയമവിരുദ്ധമായി പൂര്‍ത്തിയാക്കാന്‍ സൗദി പൗരന്റെ കയ്യില്‍ നിന്ന് അരലക്ഷം റിയാലും കൈക്കൂലി ആവശ്യപ്പെട്ടതിനാണ് നഗരസഭ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

Back to top button
error: