NEWSWorld

വേരുകള്‍ മറക്കാത്ത ഋഷി, അതി സമ്പന്നന്‍; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ലണ്ടന്‍: ബ്രിട്ടന്റെ തലപ്പത്തേക്ക് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍. ബോറിസ് ജോണ്‍സണ്‍ന്റെ രാജിയോടെ പ്രതിസന്ധി ഉടലെടുത്ത ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനാകും ലിസ് ട്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുകയും ഒടുവില്‍ ലിസ് ട്രസ് അധികാരത്തില്‍ എത്തുമായിരുന്നു. എന്നാല്‍, കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരിക്കാന്‍ ട്രസിന് സാധിച്ചില്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാകാതെ ട്രസ് രാജിവെച്ചു.

ബ്രിട്ടനില്‍ പ്രതിസന്ധി ആരംഭിച്ചു. വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വത്തിന് മതിയായ പിന്തുണ ലഭിക്കാതെ വന്നതോടെ മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായപെന്നി മോര്‍ഡന്റ് പിന്മാറുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴി തെളിഞ്ഞു.

Signature-ad

സുനാകിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നത് മുതല്‍ക്ക് തന്നെ ഇന്ത്യന്‍ ബഹുരാഷ്ട്രകമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകരായ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകളായ അക്ഷതയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രാഷ്ട്രീയ യാത്രയില്‍ വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ഇരുവരുടേയും യാത്ര. ഋഷി സുനാകിന്റെ രാഷ്ട്രീയ വളര്‍ച്ചക്കൊപ്പം തന്നെ വിവാദങ്ങളും വിട്ടൊഴിയാതെ പിന്തുടര്‍ന്നിരുന്നു. ഭാര്യ നികുതി അടക്കാത്തതും ചായക്കോപ്പയിലെ വിവാദങ്ങളും വന്‍ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു. ലിസ് ട്രസിന് ഇത് മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്തു.

ഇന്ത്യന്‍ വംശജനായ സുനാക് 34 വര്‍ഷത്തെ ചരിത്രം തിരുത്തി ആദ്യമായി സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരന്‍ കൂടിയാണ്. സണ്‍ഡെ ടൈംസിന്റെ കണക്ക് പ്രകാരം സുനാകിനും ഭാര്യ അക്ഷതയ്ക്കും കൂടി 730 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ ആസ്ഥിയാണുള്ളത്. ബ്രിട്ടനിലെ ധനികരുടെ പട്ടികയില്‍ 222-ാം സ്ഥാനമാണ് ഇവര്‍ക്ക്. പിതാവ് എന്‍.ആര്‍. നാരായണ മൂര്‍ത്തി സഹസ്ഥാപകനായ ഐ.ടി. കമ്പനി ഇന്‍ഫോസിസില്‍ അക്ഷതയ്ക്ക് 0.93 ശതമാനം ഓഹരി സ്വന്തം പേരിലുണ്ട്. 690 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് ഇതിന്റെ മൂല്യം.

ബ്രിട്ടനില്‍ സ്ഥിരതാമസ പദവിയില്ലാത്ത അക്ഷത പുറത്തുനിന്നുള്ള വരുമാനത്തിന് നികുതി അടയ്ക്കുന്നില്ലെന്നത് അടുത്തിടെ വലിയ വിവാദമായിരുന്നു. അന്ന് ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രിപദത്തിലേക്ക് എത്താനുള്ള ഋഷി സുനാകിന്റെ സാധ്യതകളെ ഈ വിവാദം സാരമായിത്തന്നെ ബാധിച്ചു. ഇതേതുടര്‍ന്ന് എല്ലാ വരുമാനത്തിനും നികുതിയടക്കുമെന്ന് അക്ഷത വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഋഷിയെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്ഷത നല്‍കിയ ചായക്കപ്പുകളായിരുന്നു വിവാദത്തിന് തിരികൊളുത്തിയ മറ്റൊരു കാരണം. അന്ന് ധനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിലെ 11-ാം നമ്പര്‍ വസതി ഒഴിഞ്ഞ് ഋഷി ലണ്ടനിലെ കുടുംബവീട്ടിലെത്തിയിരുന്നു. ഇവിടെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്കാണ് ചായയും ബിസ്‌ക്കറ്റുമായി അക്ഷത എത്തിയത്. എന്നാല്‍ ഈ ചായകപ്പുകളില്‍ ‘എമ്മ ലേസി’ എന്ന ബ്രാന്‍ഡിന്റെ പേര് ഉണ്ടായിരുന്നു. ഈ ഓരോ കപ്പിനും 3624.53 രൂപയാണ് വില. അതായത് 38 പൗണ്ട്.

ഇതോടെ അക്ഷതയ്ക്കും ഋഷിക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. 38 പൗണ്ടു കൊണ്ട് ഒരു കുടുംബത്തിന് ഒരു ദിവസം ഭക്ഷണം കഴിക്കാമെന്നും അമിത നികുതിയും കുത്തനെ ഉയരുന്ന ജീവിതച്ചിലവും ബ്രിട്ടനെ ഞെരുക്കുമ്പോഴാണോ ഇത്തരം ആഡംബരം എന്നതും ട്രോളുകളുടെ വിഷയമായി. ഈ ചായ കൊടുക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വന്‍ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു.

 

Back to top button
error: