നിയമസഭ കയ്യാങ്കളി കേസ്; മന്ത്രി ഇ.പി ജയരാജനും കെടി ജലീലിനും ജാമ്യം
തിരുവനന്തപുരം: 2015 നിയമസഭ കയ്യാങ്കളി കേസില്‍ ഇ.പി ജായരാജന്‍, കെ.ടി ജലീല്‍ എന്നിവര്‍ക്ക് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായാണ് ഇവര്‍ ജാമ്യം എടുത്തത്. കേസില്‍ എല്‍ഡിഎഫ് നേതാക്കളായ കെ.അജിത്, കുഞ്ഞമ്മദ് മാസ്റ്റര്‍ , സി കെ സദാശിവന്‍ , വി ശിവന്‍കുട്ടി എന്നിവര്‍ നേരത്തെ ജാമ്യമെടുത്തിരുന്നു.
മുഴുവന്‍ പേരും വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു. കേസ് നവംബര്‍ 12ന് വീണ്ടും പരിഗണിക്കും.
മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, എംഎല്‍എമാരായിരുന്ന കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
സഭയിലെ കൈയ്യാങ്കളിയുടെ നാശ നഷ്ടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ അതിങ്ങനെയാണ് 20000 രൂപ വിലയുള്ള സ്പീക്കറുടെ ഒരു കസേര, 2185 രൂപ വിലയുള്ള എമര്‍ജന്‍സി ലാംപ്, 1,45,920 വിലയുള്ള മൈക്ക് യൂണിറ്റ്, 22000 രൂപ വിലയുള്ള സ്റ്റാന്‍ഡ് ബൈ മൈക്ക് 1, 200 രൂപ വിലയുള്ള 2 ഡിജിറ്റല്‍ ക്ലോക്ക്, 28000 രൂപ വിലയുള്ള 2 മോണിറ്റര്‍, 1788 രൂപ വിലയുള്ള 3 ഹെഡ് ഫോണ്‍ എന്നിങ്ങനെയാണ് അന്നത്തെ സംഭവത്തില്‍ നശിപ്പിക്കപ്പെട്ടത്.
സംഭവത്തിലെ ഹൈലറ്റായിരുന്നു ശിവദാസന്‍ നായരെ ജമീല പ്രകാശം കടിച്ച രംഗം. മുണ്ട് മടക്കി കുത്തി മാണിക്കരികിലേക്ക് കുതിച്ച ശിവന്‍കുട്ടിയും മുന്‍നിരയില്‍ നിന്ന് ബഹളം വെച്ച കെ.കെ ലതികയും, ബിജിമോളുമൊക്കെ സഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയതായി വിവാദമുയര്‍ന്നിരുന്നു