‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

ടെഹ്‌റാൻ: ഹോർമുസ് പൂർണ്ണമായും തടയാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പെട്രോളിന് ഇപ്പോഴുള്ള യുഎസിലെ വില ആസ്വാദിച്ചോളൂവെന്നും ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപത്തെ പെട്രോളിന്റെ നിലവിലെ വിലനിലവാരം പങ്കുവെച്ചുകൊണ്ടാണ് എക്‌സിലൂടെയുള്ള ഇറാൻ സ്പീക്കറുടെ മുന്നറിയിപ്പ്. നാല് മുതൽ അഞ്ച് ഡോളർ വരെയാണ് നിലവിൽ യുഎസിലെ പെട്രോൾ വില. അതിപ്പോൾ അസ്വാദിച്ചോളൂവെന്നും ഹോർമുസ് തടഞ്ഞാൽ എണ്ണ വില കുതിച്ചു കയറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ഇറാനുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകൾ ഉപയോഗിച്ചു തടസ്സപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു.
യുഎസ് മറ്റൊരു പരാജയത്തിനാണ് ഒരുങ്ങുന്നതെന്ന് ഇറാൻ പരമോന്നത നേതാവിന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവും മുന്നറിയിപ്പ് നൽകി. ‘ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ ഇറാനോട് ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയതുപോലെ, നാവിക ഉപരോധത്തിലും യുഎസ് പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ്’ മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് മോഹ്‌സെൻ റെസായി പറഞ്ഞു.
ട്രംപിന്റെ ഒരു നീക്കവും ഇറാനിൽ നടക്കില്ല. ഇറാൻ സൈന്യത്തിന് ഏത് ഭീഷണികളെയും നേരിടാൻ കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ഒന്നും പഠിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.
47 വർഷത്തെ ഏറ്റവും ഉയർന്ന തലത്തിലുള്ള ചർച്ചകളാണ് നടന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ യുഎസുമായി നല്ല ഉദ്ദേശ്യത്തോടെ ചർച്ച നടത്തി. ഒരു കരാറിന് അടുത്തെത്തി നിൽക്കെയാണ് ഉപരോധ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.’ഒന്നും പഠിച്ചിട്ടില്ല. നന്മ നന്മയെയും ശത്രുത ശത്രുതയെയും ജനിപ്പിക്കും’ ഇറാൻ വിദേശകാര്യ മന്ത്രി എക്‌സിൽ കുറിച്ചു.
അതേസമയം ഇപ്പോൾ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നല്ല നിലയിൽ തന്നെയാണ് പോകുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് യുഎസ് ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ നിർദേശപ്രകാരം തിങ്കളാഴ്ച മുതൽ ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതുമായ എല്ലാ കപ്പലുകളേയും തടയുമെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഹോർമുസ് കടലിടുക്കിലേക്ക് അടുക്കാൻ ശ്രമിക്കുന്ന ഏതൊരു സൈനിക കപ്പലിനെയും ‘കഠിനമായി നേരിടും’ എന്ന് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






