Breaking NewsCrimeKeralaLead NewsMovieNEWS

‘സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈം​ഗീകാതിക്രമ കേസ്: സംഭവത്തിനു ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന അതിജീവിതയെ കണ്ടവരുണ്ട്; അതിജീവിത കടന്നുപോയത് കടുത്ത മാനസീക സമ്മർദ്ദത്തിലൂടെ‘: കമ്മീഷണർ

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും, അദ്ദേഹം ഒളിവിൽ പോകാൻ ശ്രമിച്ചതായുള്ള സൂചനകളുണ്ടെന്നും കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഷൂട്ടിങ് ലൊക്കേഷനിൽ കാരവാനിൽ വച്ചാണ് നടിക്കെതിരെ അതിക്രമം നടന്നതെന്നും, സംഭവം കഴിഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന അതിജീവിതയെ കണ്ട ദൃക്സാക്ഷികൾ ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നടിയുടെ പീഡനപരാതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്ന് തൊടുപുഴയിലേക്ക് പോകുന്നതിനിടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേസ് അന്വേഷിക്കുന്നത് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘമാണ്.

Signature-ad

അതിക്രമത്തിന് ശേഷം അതിജീവിത ഗുരുതരമായ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നും, കൗൺസിലിംഗ് ഉൾപ്പെടെയുള്ള ചികിത്സ തേടേണ്ടിവന്നതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് കുടുംബത്തോടൊപ്പം അവർ പൊലീസിൽ പരാതി നൽകി. വിശദമായ മൊഴി എടുത്തപ്പോൾ അതിക്രമം നടന്നതായി മനസ്സിലായതിനെ തുടർന്ന് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതായും കമ്മിഷണർ പറഞ്ഞു.

ഇതിന് സമാനമായ രണ്ട് കേസുകൾ കൂടി രഞ്ജിത്തിനെതിരെ നിലനിന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇവിടെ നിന്ന് മാറാൻ ശ്രമിച്ചു എന്ന സൂചനയുണ്ട്” എന്നായിരുന്നു തൊടുപുഴയിൽ വച്ചുള്ള അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് കമ്മിഷണറുടെ മറുപടി.

രഞ്ജിത്ത് പ്രമുഖ സംവിധായകനായതിനാൽ സ്വന്തം സ്വകാര്യതയെക്കുറിച്ച് അതിജീവിതയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം ഇതോടെ അവസാനിക്കില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കേസിന്റെ ആദ്യഘട്ടത്തിൽ അതിജീവിത കടുത്ത മാനസിക ആഘാതത്തിലായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന അശ്വതി ജിജി പറഞ്ഞു. ഉദയംപേരൂർ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സംഘത്തിൽ രണ്ട് വനിതാ ഇൻസ്പെക്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: