
തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിന്റെ താരമായ മലയാളി താരം സഞ്ജു സാംസണ് സ്വീകരണം ഒരുക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സഞ്ജുവിനെ ആദരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സഞ്ജു കേരളത്തിന്റെ പുത്രനും അഭിമാനവുമാണെന്ന് മന്ത്രി പറഞ്ഞു. കരിയറിൽ പലപ്പോഴും മാറ്റിനിർത്തപ്പെട്ടപ്പോഴും തളരാതെ പോരാടിയ സഞ്ജുവിന്റെ കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു.
‘ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി സഞ്ജു ഇപ്പോള്‍ മാറിയിരിക്കുന്നു. കേരളത്തിനും അതിൽ അഭിമാനിക്കാം, കേരളത്തിന്റെ പുത്രനാണ്. ക്രിക്കറ്റിന്റെ സെലക്ഷനിലുൾപ്പെടെ പലപ്പോഴും പരാതി ഉയർന്നു വരാറുണ്ട്. അങ്ങനെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണ് സഞ്ജു. സഞ്ജുവിന്‍റെ ആത്മാർഥതയും പരിശ്രമവും കൊണ്ടാണ് ലോകശ്രദ്ധ നേടിയത്. ആ നേട്ടത്തില്‍ സഞ്ജുവിനെ സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. സഞ്ജുവിന്‍റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.‘– മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് സഞ്ജു. സ്വീകരണത്തിന്റെ തീയതി സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും.
ലോകകപ്പിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 27 ഫോറുകളും 24 സിക്‌സറുകളും സഹിതം 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു. ഒരു ട്വന്റി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന 2014ലെ വിരാട് കോലിയുടെ (319) റെക്കോർഡും സഞ്ജു മറികടന്നു.






