Breaking NewsCrimeKeralaLead NewsNEWS

സെക്സ് റാക്കറ്റ് തുടങ്ങിയിട്ട് അഞ്ച് വർഷം; ലക്ഷങ്ങളുടെ ഇടപാടുകൾ; ബിലാലിന്റെ ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ; കൂടുതൽ പേർ കുടുങ്ങും; 2 പ്രതികൾ വിദേശത്ത്

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും ലൈംഗികപീഡനവും നടത്തിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ചുവർഷം മുമ്പാണ് ദുബായ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തനം തുടങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബിലാൽ എന്നറിയപ്പെടുന്ന ശ്രീകുമാറിന്റെ ഫോണിൽനിന്ന് ഒട്ടേറെ പെൺകുട്ടികളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ അറസ്റ്റിലേക്ക് കടക്കുന്നതിനൊപ്പം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തുകയും യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുകയും ചെയ്ത കേസിൽ നിർണായക കണ്ടെത്തലുകളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

Signature-ad

അഞ്ചുവർഷം മുമ്പ്, കോവിഡിന് ശേഷമാണ് തങ്ങൾ യുവതികളെ വിദേശത്തേക്ക് കടത്തുകയും ദുബായ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റിന് നേതൃത്വം നൽകിത്തുടങ്ങിയതും എന്നാണ് പ്രതികളുടെ മൊഴി. സിന്ധുവിന്റെയും ബിലാലിന്റെയും മൊഴികളാണ് ഇതിൽ പ്രധാനം. ഇവരുടെ പ്രവർത്തനം സംബന്ധിച്ചും പോലീസിന് വ്യക്തത കൈവന്നിട്ടുണ്ട്.

ദുബായിലെത്തിയ ശേഷം യുവതികളെ അന്യായമായി തടങ്കലിൽ പാർപ്പിച്ച്, ഇവരുടെ ചിത്രങ്ങളെടുത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുക്കും. ശേഷം ഡീൽ ഉറപ്പിക്കും. ലക്ഷങ്ങളുടെ ഇടപാടുകളാണ് നടന്നിരുന്നത്. ആവശ്യക്കാർ എത്തി, യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് ചെയ്തിരുന്നത്.

പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇത് കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തി വീണ്ടും യുവതികളെ പീഡനത്തിനിരയാക്കിയിരുന്നു. കൊടിയ പീഡനങ്ങളാണ് യുവതികൾക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. സെക്‌സ് റാക്കറ്റ് തുടങ്ങിയ ശേഷമാണ് പ്രതികൾ സിന്ധുവിന്റെ നേതൃത്വത്തിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങിയത്.

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിലാണ് ചിട്ടയായി പ്രതികൾ കുറ്റകൃത്യം നടത്തിയിരുന്നത്. ഫോണിൽനിന്നു കണ്ടെത്തിയ ചിത്രങ്ങളിലെ യുവതികൾ ഈ സംഘം ഇത്തരത്തിൽ ചതിച്ച് ദുബായിലേക്ക് കടത്തിയവരാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിന്ധുവിന്റെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ സപ്ലൈ ഏജന്റ് എന്ന നിലയിലാണ് ശ്രീകുമാർ പ്രവർത്തിച്ച് വന്നിരുന്നത്. യുവതികളെ എത്തിക്കുന്ന മുറയ്ക്കാണ് ഇയാൾക്ക് പണം കൈമാറിയിരുന്നത്. ഇയാൾ ഒട്ടനവധി സിമ്മുകൾ ഉപയോഗിച്ചിരുന്നു. ഒട്ടേറെ അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നു. പ്രതികൾ തമ്മിൽ നിരവധി ബാങ്കിടപാടുകൾ നടത്തിയിട്ടുണ്ട്.

കേസിൽ പ്രതികളായ റഹ്‌മത്ത്, ഷംല എന്നിവർ വിദേശത്താണ് ഉള്ളത്. അവരെ പിടികൂടുന്നതിനായുള്ള നീക്കങ്ങളും പോലീസ് തുടങ്ങിക്കഴിഞ്ഞു. അറസ്റ്റിലായ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് അടുത്ത ആഴ്ച കോടതിയിൽ സമർപ്പിക്കും. സിന്ധുവിനെയും ശ്രീകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

കൊച്ചിയിലെ ഒരു ഗുണ്ടാ നേതാവായ ഔറംഗസേബിന് സിന്ധു പണം കൈമാറിയത് എന്തിന് എന്നതടക്കം പോലീസിന് മനസിലാക്കേണ്ടതുണ്ട്. കേരളത്തിന് പുറത്തുനിന്നും ഇവർ യുവതികളെ ജോലി വാഗ്ദാനം ചെയ്ത് ദുബായിൽ എത്തിച്ച് പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം വെച്ചുകൊണ്ട് പോലീസിന്റെ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: