Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘ഇന്നു കിഫ്ബിയെ തള്ളിപ്പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നാളെ കിഫ്ബികള്‍ ഉണ്ടാകും; കേരളത്തില്‍ സമയബന്ധിതമായി കൊണ്ടുവന്നത് മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍’; 25-ാം വാര്‍ഷികത്തില്‍ കിഫ്ബിയെക്കുറിച്ച് മുരളി തുമ്മാരുകുടി

തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്നു ചിന്തിച്ചിരുന്ന മൂന്നുകോടി ജനങ്ങളുടെ കണ്‍മുന്നില്‍ പ്രത്യക്ഷ രൂപത്തില്‍ സമയബന്ധിതമായി സ്‌കൂളും കോളജും ആശുപത്രിയും റോഡും പാലവുമൊക്കെയായി കിഫ്ബി മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍ കൊണ്ടുവന്നെന്നു എഴുത്തുകാരനും ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ധനുമായ മുരളി തുമ്മാരുകുടി. കിഫ്ബിയുടെ 25-ാം വാര്‍ഷിക വേളയില്‍ എഴുതിയ കുറിപ്പിലാണ് കേരളത്തില്‍ വിവാദപരമായും വികസനപരമായും ഏറെ ചര്‍ച്ച ചെയ്ത കിഫ്ബിയെ അദ്ദേഹം പ്രകീര്‍ത്തിച്ചത്. ഇന്ന് കിഫബിയെ രാഷ്ട്രീയ കാരണങ്ങളാല്‍ തള്ളി പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നാളെ കിഫ്ബി മാതൃക പഠിക്കാന്‍ കേരളത്തില്‍ എത്തും, മറ്റു സംസ്ഥാനങ്ങളില്‍ കിഫബികള്‍ ഉണ്ടാകുമെന്നും തുമ്മാരുകുടി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

 

Signature-ad

കിഫ്ബിക്ക് ഇരുപത്തി അഞ്ചു വയസ്സാകുമ്പോള്‍

Kerala Infrastructure Investment Fund Bond (KIIFB) യൂടെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ ശ്രദ്ധിക്കുന്നു. കിഫ്ബിക്ക് ഇരുപത്തി അഞ്ചു വയസ്സായി എന്നത് സത്യത്തില്‍ എനിക്ക് അത്ഭുതമാണ്. കാരണം കഴിഞ്ഞ പത്തുവര്ഷമായിട്ടാണ് കിഫ്ബിയെ പറ്റി നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത്. പക്ഷെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി കിഫ്ബിയെപ്പറ്റി കേള്‍ക്കാത്ത മലയാളികള്‍ ഇല്ല.

കിഫ്ബി വഴി നിര്‍മ്മിക്കപ്പെടുന്ന അനവധി അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ ഇവയൊക്കെ നമുക്ക് ചുറ്റും ഉണ്ട്. ആയിരത്തി ഒരുന്നൂറ്റി തൊണ്ണൂറു പ്രോജക്ടുകള്‍ക്കായി തൊണ്ണൂറായിരം കോടിക്കപ്പുറം നിക്ഷേപമാണ് നടന്നിരിക്കുന്നത്. ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ മാറ്റമില്ലാതെ എല്ലാ മണ്ഡലങ്ങളിലും പദ്ധതികള്‍ ഉണ്ട്. പക്ഷെ ചുറ്റിലും ഉയര്‍ന്നു വരുന്ന നല്ല കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല കിഫ്ബി നമുക്ക് പരിചിതമായത്. മസാല ബോണ്ട് മുതല്‍ ഇ ഡി വരെ എല്ലാ വിധ കോലാഹലങ്ങളും കിഫബിയെ ചുറ്റിപ്പറ്റി ഉണ്ടായി.

 

കിഫ്ബിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇപ്പോഴും കേരളത്തില്‍ ഉണ്ട്. ഏറെ എതിര്‍പ്പുകള്‍ രാഷ്ട്രീയമാണ്, പക്ഷെ കിഫ്ബിക്കെതിരെയുള്ള എല്ലാ എതിര്‍പ്പും രാഷ്ട്രീയമല്ല. കടം വാങ്ങി പണം ചിലവാക്കുമ്പോള്‍ അത് തിരിച്ചടക്കാനുള്ള ‘വരവ്’ ഇല്ലാത്ത ഒരു ഇന്‍വെസ്റ്റ്‌മെന്റ് സംവിധാനം എങ്ങേനെയാണ് നല്ല സാമ്പത്തിക പദ്ധതിയാകുന്നത് എന്നതാണ് പ്രധാന സംശയം.

സര്‍ക്കാര്‍ മേഖലയില്‍ ഉള്ള സ്‌കൂളോ കോളേജോ ആശുപത്രിയോ പോലെ വരുമാനമില്ലാത്ത പ്രോജക്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍, വരുമാന സാധ്യത ഉള്ള റോഡുകളില്‍ നികേഷേപിക്കുമ്പോള്‍ തന്നെ തില്‍ നിന്നും ടോള്‍ വഴി പണം പരിക്കില്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ സാധാരണ സാമ്പത്തിക ശാസ്ത്രത്തിന്റെ പരിപ്രേക്ഷ്യത്തില്‍ കൂടി നോക്കുമ്പോള്‍ കിഫ്ബി നല്ലൊരു മാതൃകയല്ല.

പക്ഷെ കിഫ്ബിയെ നമ്മള്‍ മനസ്സിലാക്കേണ്ടത് വെറും ഒരു കടമെടുപ്പ് സ്ഥാപനമയിട്ടല്ല. നവകേരള നിര്‍മ്മാണത്തിന്റെ ഒരു ശക്തമായ ഘടകമായിട്ടാണ്. അതേ സമയം തന്നെ കിഫ്ബി ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികളെ മറികടക്കാന്‍ കമ്പോള സാധ്യതകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരു സാമ്പത്തിക സംവിധാനം കൂടിയാണ്.

 

കേരളത്തില്‍ ഒന്നും നടക്കില്ല എന്ന് ചിന്തിച്ചിരുന്ന മൂന്നു കോടി ജനങ്ങളുടെ കണ്മുന്‍പില്‍ പ്രത്യക്ഷ രൂപത്തില്‍ സമയബന്ധിതമായി സ്‌കൂളും കോളേജും ആശുപത്രിയും റോഡും പാലവും ഒക്കെയായി കിഫ്ബി മാറ്റത്തിന്റെ ലക്ഷ്യങ്ങള്‍ കൊണ്ട് വക്കുകയാണ്. ഇന്ത്യയില്‍ എവിടെ നിന്നും മാത്രമല്ല ലോകത്ത് തന്നെ പലയിടത്തുനിന്നും വരുന്നവര്‍ക്ക് നമ്മുടെ ഗ്രാമങ്ങളില്‍ പോലും കാണുന്ന ഇത്തരം പല സംവിധാനങ്ങളും അതിശയകരമായി തോന്നുന്നുണ്ട്. ഇത് നമ്മള്‍ മനസ്സിലാക്കി വരുന്ന കാലത്ത് നമ്മുടെ നാടിനെപ്പറ്റി കൂടുതല്‍ അഭിമാന ബോധം എല്ലാവര്‍ക്കും ഉണ്ടാകും. ഖേരളത്തില്‍ നിന്നും കേരളത്തിലേക്കുള്ള ആളുകളുടെ യാത്ര തുടങ്ങും.

ചെറിയൊരു പദ്ധതി പോലും പതിറ്റാണ്ടുകള്‍ എടുത്തിരുന്ന കാലത്തു നിന്നും ഒരു സര്‍ക്കാരിന്റെ ഭരണകാലത്ത് തന്നെ പദ്ധതികള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രോജക്റ്റ് മാനേജമെന്റ് വൈദഗ്ധ്യവും കിഫ്ബി കൊണ്ടുവരുന്നുണ്ട്. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ചൊല്ലിന് പുതിയ അര്‍ഥങ്ങള്‍ ഉണ്ടാകുന്നു.

 

ലോകത്തെവിടെയും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മൂന്നു കാര്യങ്ങളില്‍ നിക്ഷേപം നടത്തിയ രാജ്യങ്ങള്‍ എല്ലാം തന്നെ സുസ്ഥിര വികസന പാതയില്‍ ആണെന്ന് ലോകത്തെവിടെയും ഉദാഹരണങ്ങള്‍ ഉണ്ട്. ഈ മൂന്നു വിഷയത്തിലും നടത്തുന്ന നിക്ഷേപണങ്ങളിലൂടെ കേരളം ഇപ്പോള്‍ വികസനത്തിന്റെ അടുത്ത പടിയിലേക്ക് ഉയരാനുള്ള ഒരു ‘ക്രിട്ടിക്കല്‍ മാസ്സിന്’ തൊട്ടടുത്താണ്. (ഈ ക്രിട്ടിക്കല്‍ മാസ്സ് പ്രയോഗം കിഫ്ബി സി ഇ ഓ ശ്രീ കെ എം അബ്രഹാമിന്റെ ഇന്നത്തെ പ്രസംഗത്തില്‍ നിന്നും കടമെടുത്തതാണ്).
കേരളത്തിന് പുറത്തു നിന്നും നോക്കുമ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന മാറ്റം, കേരളം ഒരു കുതിച്ചു ചാട്ടത്തിന് തൊട്ടടുത്താണ് എന്നത് വളരെ വ്യക്തമാണ്. കേരളം പല കാര്യങ്ങളിലും ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണെന്നത് ഇക്കാര്യത്തിന്റെ ഒരു സൂചികയാണെങ്കിലും അത്ര പ്രസക്തമല്ല, കാരണം കേരളത്തിന്റെ വികസനത്തിന്റെ അടുത്ത പടിയില്‍ നമ്മള്‍ മാതൃകയായി കാണുന്നതും മത്സരിക്കുന്നതും അപ്പര്‍ മിഡില്‍ ഇന്‍കം ഗ്രൂപ്പ് സമൂഹങ്ങളോടാണ് (ആളോഹരി വരുമാനം പതിനായിരം ഡോളറിനും മുകളില്‍ ഉള്ളത്).

 

കൃത്യമായ ലക്ഷ്യബോധത്തോടെ സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണങ്ങളിലൂടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഉള്ള ഊന്നലുകളിലൂടെ നമ്മള്‍ മുന്നോട്ടു പോയാല്‍ രണ്ടായിരത്തി മുപ്പതാകുമ്പോഴെങ്കിലും നമ്മള്‍ ചിന്തിക്കാത്ത ഒരു തലത്തില്‍ എത്തുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. അന്ന് അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ ഏറെ ആളുകളും ആശയങ്ങളും ഉണ്ടാകും, പക്ഷെ കിഫബിയായിരിക്കും അതിന് ഏറ്റവും അര്‍ഹമായത്.

 

ഒരു കാര്യം കൂടി എനിക്ക് ഉറപ്പാണ്. ഇന്ന് കിഫബിയെ രാഷ്ട്രീയ കാരണങ്ങളാല്‍ തള്ളി പറയുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നാളെ കിഫ്ബി മാതൃക പഠിക്കാന്‍ കേരളത്തില്‍ എത്തും, മറ്റു സംസ്ഥാനങ്ങളില്‍ കിഫബികള്‍ ഉണ്ടാകും !.
കിഫ്ബിക്ക് എല്ലാ ആശംസകളും, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍

മുരളി തുമ്മാരുകുടി

 

Back to top button
error: