തൃശൂരങ്ങെടുക്കാന്‍ കുട്ടിക്കലാകാരന്‍മാരെത്തുകയായി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിരക്കിലേക്ക് തൃശൂര്‍: ഉദ്ഘാടനം മുഖ്യമന്ത്രി; സമാപസമ്മേളന മുഖ്യാതിഥി മോഹന്‍ലാല്‍; പ്രധാന വേദി തേക്കിന്‍കാട് മൈതാനം; ജനുവരി പതിനാലു മുതല്‍ പതിനെട്ടുവരെ പൂരനഗരിയില്‍ കലാപൂരം; ആകെ 25 വേദികള്‍; അഞ്ചു രാപ്പകലുകളില്‍ ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളില്‍ പോരാട്ടം

തൃശൂര്‍: പൂരനഗരിയില്‍ കലാപൂരത്തിന് ഒരുക്കങ്ങളായി. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് ഖ്യാതികേട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അറുപത്തിനാലാം എഡിഷനാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നടക്കാന്‍ പോകുന്നത്. പുതുവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ ജനുവരി 14 മുതല്‍ 18 വരെയാണ് തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലാമേള.
തേക്കിന്‍കാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10 ന് തേക്കിന്‍ക്കാട് മൈതാനത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാല.
പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അറബിക് കലോത്സവവും ഒപ്പം നടക്കും.
പ്രധാന വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരത

നാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹര്‍ ബാലഭവനില്‍ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസില്‍ വെച്ച് നടക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാര്‍ത്ഥികള്‍ക്കും അതിഥികള്‍ക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസില്‍ രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഗവണ്‍മെന്റ് മോഡല്‍ ജി.വി.എച്ച്.എസ്.എസിലാണ് പ്രോഗ്രാം ഓഫീസ്.
5 ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൊണ്ണൂറ്റിയാറ് ഇനങ്ങളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നൂറ്റിയഞ്ച് ഇനങ്ങളും സംസ്‌കൃതോത്സവത്തില്‍ പത്തൊമ്പത് ഇനങ്ങളും അറബിക് കലോത്സവത്തില്‍ പത്തൊമ്പത് ഇനങ്ങളും ആണ് ഉള്ളത്. മത്സരാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികള്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങളാണ് തൃശൂരില്‍ ഒരുങ്ങുന്നത്.
കലോത്സവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും മത്സരഫലങ്ങള്‍ക്കുമായി ഔദ്യോഗിക വെബ്സൈറ്റ് ഉണ്ടാകും. കേരളത്തിന്റെ സമ്പന്നമായ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ചുകൊണ്ട്. അനില്‍ ഗോപന്‍ തയ്യാറാക്കിയ ലോഗോ ആണ് അറുപത്തി നാലാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ആയി തെരഞ്ഞെടുത്തിട്ടുള്ളത്.
അറുപത്തി നാലാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഷെഡ്യൂള്‍ പ്രകാശനവും ലോഗോ പ്രകാശനവും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും റവന്യു മന്ത്രി കെ.രാജനും ചേര്‍ന്ന് തൃശൂരില്‍ നിര്‍വഹിച്ചു.
കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തിലെ മാധ്യമ അവാര്‍ഡുകളും മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു.






