അറിഞ്ഞവരെല്ലാം നടുങ്ങി; കോഴിക്കോട് ആറു വയസുകാരനെ കൊന്നത് അമ്മ; വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതും അമ്മ അനു; കെ.എസ്.എഫ്.ഇ ജീവനക്കാരി; മാനസികരോഗത്തിന് ചികിത്സയിലായിരുന്നതായി വിവരം

കോഴിക്കോട്: ആറുവയസുകാരനെ അമ്മ കൊലപ്പെടുത്തിയതില്‍ നടുങ്ങി നാട്.
കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന്‍ ആറുവയസുള്ള നന്ദ ഹര്‍ഷനെയാണ് അമ്മ അനു കഴുത്തു ഞെരിച്ച് കൊന്നത്. ഇന്നുരാവിലെ നടന്ന സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് നാടും നാട്ടാരും ഇനിയും മോചിതരായിട്ടില്ല.
മകനെ താന്‍ കൊലപ്പെടുത്തിയ കാര്യം അമ്മ അനു തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു അനു കൊലപാതക വിവരം അറിയിച്ചത്.
ഇന്ന് രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവമുണ്ടായത്. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹര്‍ഷന്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.






