സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ച്ച അനുവദിക്കാനാകില്ല ; സെന്‍സര്‍ഷിപ്പിനും കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല ; പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ച്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ഈ സെന്‍സര്‍ഷിപ്പെന്നും ഇത്തരം കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ 19 സിനിമകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. പാലസ്തീന്‍ പ്രമേയം ചര്‍ച്ചയാകുന്ന സിനിമകള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇതുമൂലം മേളയിലെ ആദ്യ ദിവസങ്ങളില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. അടുത്ത വര്‍ഷം മേള നടക്കുമോ എന്ന് തന്നെ സംശയമുണ്ടെന്നാണ് സാംസ്‌ക്കാരിക മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി നടത്തിവരുന്ന മേള തകര്‍ക്കാനുള്ള ശ്രമമെന്നും പറഞ്ഞു.






