‘പോറ്റിയെ കേറ്റിയെ’…. പാര്‍ലമെന്റിന് മുമ്പില്‍ യുഡിഎഫ് എംപിമാര്‍ പാടിയ പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തെന്ന് സിപിഐഎം

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പരിഹസിക്കാനും പാര്‍ലമെന്റില്‍ വിഷയം ഉയര്‍ത്താനും യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പാരഡിപാട്ടിനെതിരേ പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിയ്ക്കാണ് പരാതി നല്‍കിയത്.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു അയ്യപ്പനെ വേദനിപ്പിച്ചു എന്നാണ് ആക്ഷേപം. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വിഷയം സിപിഐഎമ്മും ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. പരാതി കിട്ടിയാലും ഇല്ലെങ്കിലും പാട്ടിനെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. 18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി.
പോറ്റിയെ കേറ്റിയെ, ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി ഇറക്കിയത് ശരിയായില്ല. അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത്. പരാതിയില്‍ കര്‍ശന നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.






