Breaking NewsKeralaLead NewsNEWS

പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ വാങ്ങിച്ച് നല്ല ഭം​ഗിയായി ശാപ്പാട് അടിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് കുത്തി, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?… വികസന- ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല, എന്തുകൊണ്ട് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കും, എംഎം മണി

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണ് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കുമെന്ന് എംഎം മണി. സംഭവങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടി സ്വീകരിച്ച് മുന്നോട്ട് പോകും, വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല. അതിനു മാത്രം വികസന പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, പെൻഷൻ എല്ലാം നമ്മുടെ ജില്ലയിലടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും എംഎം മണി പറഞ്ഞു.

ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങി വച്ചിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഭരണവിരുദ്ധ വികാരമെന്നൊന്നും പറയാറായിട്ടില്ല. അതൊക്കെ പാർട്ടി നേതൃത്വം പരിശോധിച്ചിട്ട് പറഞ്ഞോളും. രാജക്കാട് പഞ്ചായത്തിലുൾപെടെ എൽഡിഎഫിന് ഭരണം നഷ്ട‌പ്പെട്ടതിനെകുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ആ ആയിക്കോട്ടെ… എന്നായിരുന്നു മറുപടി. എന്റെ പഞ്ചായത്തിലെ പത്തും പോയോ? മറു ചോദ്യം, ശാന്തമ്പാറ കിട്ടിയിട്ടുണ്ട്. ആ ആയിക്കോട്ടെ.. അതൊന്നും പരാജയപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങളാണെന്നും പ്രതികരണം. അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരങ്കമെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ മറുപടി ഇങ്ങനെ- എനിക്കു തോന്നുന്നത് ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭം​ഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു എന്നാണ്. ജനങ്ങൾ നന്ദികേട് കാണിച്ചുവെന്നാണോ പറയുന്നത്? പിന്നല്ലാതെ, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ? എന്നും എംഎം മണി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: