തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ നടത്തിയത് ഒന്നാന്തരം പറ്റിപ്പ് പരിപാടി, സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേ!! കളക്ടറോടും റിട്ടേണിങ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിനം ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ ശ്രീലേഖ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേയാണെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ദിവസം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിലെ സ്ഥാനാർഥിയായ ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ സർവേ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യം മാധ്യമങ്ങളുമായി ചേർന്ന് പ്രീ പോൾ സർവേ നടത്താറുള്ള ഏജൻസിയുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ആർ ശ്രീരേഖ പങ്കുവെച്ചത്. എന്നാൽ സംഭവത്തിൽ സിപിഐഎമ്മും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ശ്രീലേഖ സർവേ പങ്കുവെച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് ആർ ശ്രീലേഖയ്ക്കെതിരെ നടപടി ആരംഭിച്ചതായി വോട്ടെടുപ്പ് ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. കളക്ടറോടും റിട്ടേണിങ് ഓഫീസറോടും തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാംഘട്ട പോളിങ് നടന്ന ചൊവ്വാഴ്ചയാണ് ഫേസ്ബുക്കിൽ എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്ന അഭിപ്രായ സർവേ ആർ ശ്രീലേഖ പങ്കുവെച്ചത്. കൂടെ ‘തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ…’ എന്ന കുറിപ്പും ശ്രീലേഖ പങ്കുവെച്ചിരുന്നു.
അതേസമയം നേരത്തെ വിരമിച്ചിട്ടും സ്ഥാനാർഥി പോസ്റ്ററിൽ ഐപിഎസ് എന്ന് ചേർത്തതിന് പിന്നാലെ ശ്രീലേഖ വലിയ വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെ പോസ്റ്ററുകളിൽ മാർക്കർ ഉപയോഗിച്ച് റിട്ടയേർഡ് എന്ന് എഴുതി ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ചട്ടവിരുദ്ധ നടപടിയുമായും ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്.






