രാഹുൽഗാന്ധിയുടെ ബെർലിൻ യാത്രയെ വിമർശിച്ച് ബിജെപി, അതിനു പ്രധാനമന്ത്രി ജോലിസമയത്തിന്റെ പകുതിയും രാജ്യത്തിന് പുറത്തല്ലേ ചെലവഴിക്കുന്നത്, പിന്നെ പ്രതിപക്ഷ നേതാവിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തിനാണ്? കുറിക്കുകൊള്ളുന്ന മറുചോദ്യവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ ശൈത്യകാല സമ്മേളനം തുടരുന്നതിനിടെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ ബെർലിൻ യാത്രയെ വിമർശിച്ച ബിജെപി നേതാവിന് ചുട്ട മറുപടിയുമായി പ്രിയങ്ക ഗാന്ധി. പ്രതിപക്ഷനേതാവെന്ന കടമ നിറവേറ്റുന്നതിനുപകരം വിദേശയാത്ര തിരഞ്ഞെടുക്കുന്ന രാഹുൽ പ്രതിപക്ഷ നേതാവല്ല, പര്യടനനേതാവാണെന്ന് ബിജെപി ദേശീയവക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു. ഓരോ യാത്രയിലും രാഹുൽ വിദേശത്തുവെച്ച് ഇന്ത്യയെ അവഹേളിക്കുകയാണെന്നും പൂനാവാല എക്സിൽ കുറിച്ചു.
ഇതിനു മറുപടിയുമായായാണ് പ്രിയങ്കാഗാന്ധി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജോലിസമയത്തിന്റെ പകുതിയും രാജ്യത്തിന് പുറത്താണ് ചെലവഴിക്കുന്നതെങ്കിൽ പ്രതിപക്ഷ നേതാവിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തിനാണെന്ന് പ്രിയങ്ക ചോദിച്ചു. രാഹുലിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുമ്പോൾ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ നയമെന്ന് മുതിർന്ന നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.
അതേസമയം ഡിസംബർ 15 മുതൽ 20 വരെയാണ് രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം. 17-ന് ബെർലിനിൽ നടക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.






