ഒരു വടക്കന്‍ വിധിയെഴുത്ത് തുടങ്ങി; ഏഴു ജില്ലകളില്‍ പോളിംഗിന് തുടക്കം; പാലക്കാട് വോട്ടിന് രാഹുലെത്തുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു;

തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള എഴു ജില്ലകളിലാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. വടക്കന്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ എഴിന് പോളിംഗ് ആരംഭിക്കുന്നതിനും മുന്‍പേ തന്നെ വോട്ടര്‍മാര്‍ ബൂത്തുകള്‍ക്ക് മുന്നിലെ ക്യൂവില്‍ ഇടം പിടിച്ചിരുന്നു.
വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകളിലേക്കും, 3 കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ്. ആകെ 1.53 കോടിയിലധികം വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ 80.90 ലക്ഷം സ്ത്രീ വോട്ടര്‍മാരും 72.46 ലക്ഷം പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്.
വിവിധ രാഷ്ട്രീയ മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും ഉള്‍പ്പെടെ 38,994 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ഡിസംബര്‍ 13-നാണ് ഇരുഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട് വോട്ടു ചെയ്യാനെത്തുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവിലാണ് രാഹുല്‍.






