ട്രംപ് കവിയെ പോലെ വര്‍ണിക്കുന്നു; അവളുടെ ചുണ്ടുകള്‍ മെഷിന്‍ ഗണ്‍ പോലെ; പ്രസ് സെക്രട്ടറിയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ക്കു നേരെ വിമര്‍ശനം

വാഷിംഗ്ടണ്‍; കടുത്ത തീരുമാനങ്ങളെടുക്കാന്‍ മാത്രമല്ല കവിയെ പോലെ വര്‍ണിക്കാനും തനിക്കു കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഒരുപക്ഷേ ഇന്നേവരെ ഒരു കവിയും വര്‍ണിക്കാത്ത തരത്തിലാണ് ട്രംപ് ഒരു സ്ത്രീയെ, അവരുടെ ചുണ്ടുകളെ വര്‍ണിച്ചിരിക്കുന്നത്.
പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെക്കുറിച്ചാണ് ട്രംപ് കാവ്യാത്മകമായി ചിലതെല്ലാം പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ വാക്കുകള്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളെന്നാണ് കുറ്റപ്പെടുത്തല്‍. ലീവിറ്റിന്റെ മുഖവും ചുണ്ടുകളും പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗിച്ചത്. ഇതിനെതിരെ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
പെന്‍സില്‍വാനിയയില്‍ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതിങ്ങനെ –
നമ്മുടെ സൂപ്പര്‍സ്റ്റാറായ കരോലിനെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്. അവര്‍ വളരെ മികച്ച ആളല്ലേ? സുന്ദരമായ മുഖവും മെഷീന്‍ ഗണ്‍ പോലുള്ള ചുണ്ടുമായി ടെലിവിഷനില്‍ സംസാരിക്കുമ്പോള്‍ കരോലിന്‍ വളരെ ഡോമിനേറ്റിങ് ആണ്. കരോലിന് ഭയമില്ലാത്തതിന് കാരണം തങ്ങളുടെ നയമാണ്.

ഇതാദ്യമായല്ല ട്രംപ് കരോലിന്‍ ലീവിറ്റിനെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നത്. നേരത്തെയും കരോലിന്റെ ചുണ്ടുകള്‍ മെഷീന്‍ ഗണ്‍ പോലെയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ന്യൂസ്മാക്‌സുമായുള്ള അഭിമുഖത്തിലായിരുന്നു അന്ന് ട്രംപ് ഇത്തരത്തില്‍ പറഞ്ഞത്. മറ്റാര്‍ക്കും കരോലിനേക്കാളും മികച്ച പ്രസ് സെക്രട്ടറി ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
വലിയ വിമര്‍ശനമാണ് ട്രംപിന്റെ ഈ പരാമര്‍ശത്തിനെതിരെ ഉയരുന്നത്. ഒരു പ്രസിഡന്റിന് ചേര്‍ന്ന വാക്കുകളല്ല ട്രംപ് പറഞ്ഞത് എന്നും തീരെ മോശമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.
റോസാദളങ്ങളോടും ചെമ്പക മൊട്ടുകളോടും ചെറിപ്പഴങ്ങളോടുമൊക്കെ പല കവികളും ചുണ്ടുകളെ താരതമ്യം ചെയ്ത് കാവ്യാത്മകമായി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും ചുണ്ടുകളെ മെഷിന്‍ഗണ്ണിനോട് ഉപമിച്ച ന്യൂജെന്‍ കവിയായിരിക്കുകയാണ് ട്രംപ്. പൂക്കളേക്കാള്‍ തോക്കും ആയുധങ്ങളും കണ്ടുശീലിച്ചു മുന്നോട്ടുപോകുന്ന ഒരാള്‍ക്ക് ചുണ്ടുകളെ മറ്റെന്തിനോടാണ് ഉപമിക്കാന്‍ കഴിയുക.






