ഇന്ത്യയുടെ രോ-കോയെ വെല്ലാന്‍ ആരുണ്ട്? യുവതാരങ്ങളെയെല്ലാം കവച്ചുവെച്ച് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം രോഹിതിന്, തൊട്ടുപിന്നില്‍ കിംഗ് കോഹ്ലി ; ഇപ്പോഴും ഫോമില്‍ തന്നെയെന്ന് സൂപ്പര്‍താരങ്ങള്‍

ദുബായ്: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം കിംഗ് കോഹ്ലിയുടെയും ഹിറ്റ്്മാന്‍ രോഹിത്ശര്‍മ്മയുടെയും വമ്പന്‍ തിരിച്ചുവരവായിരുന്നു. ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇക്കാര്യം ഇരുവര്‍ക്കും വലിയ തുണയായി. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്.
നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്ലി രണ്ട് സ്ഥാനം മുന്നേറി നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് വിരാട് കോഹ്ലിയെ റാങ്കിങ്ങില്‍ തുണച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ കോഹ്ലി മൂന്നാം മത്സരത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്ലിയെയാണ് മത്സരത്തിലെ താരമായി മാറിയതും.
ഇതോടെ 773 റേറ്റിങ് പോയിന്റുമായി രണ്ടാം റാങ്കിലേക്ക് കുതിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഇപ്പോള്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. നിലവില്‍ 781 റേറ്റിങ് പോയിന്റുള്ള ഒന്നാം നമ്പര്‍ ബാറ്റര്‍ രോഹിത് ശര്‍മയേക്കാള്‍ എട്ട് പോയിന്റ് മാത്രം പിന്നിലാണ് വിരാട്.
പരമ്പരയ്ക്ക് തൊട്ടുമുമ്പ് ഏറെ വിമര്‍ശനം രണ്ടു വെറ്ററന്മാരും നേരിട്ടിരുന്നു. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്നും വിരമിച്ച് ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇരുവ രോടും വിജയ് ഹസാരേ അടക്കമുള്ള ആഭ്യന്തക്രിക്കറ്റില്‍ കളിക്കാന്‍ പോലും ആവശ്യ പ്പെട്ടിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും മിന്നും പ്രകടനവുമായി ഇവര്‍ വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു.






