ടീമിലെടുക്കാത്തതിന് കളിക്കാര്‍ കലിപ്പ് തീര്‍ത്തു, അണ്ടര്‍19 കോച്ചിനെ കളിക്കാര്‍ പഞ്ഞിക്കിട്ടു ; ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലി ; 20 തുന്നലുകള്‍, തോളെല്ലിന് പൊട്ടലും ; കളിക്കാര്‍ക്ക് എതിരേ കൊലപാതകക്കുറ്റം, ഒളിവില്‍

പോണ്ടിച്ചേരി: ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണത്താല്‍ കളിക്കാര്‍ പരിശീലകനെ ആക്രമിച്ചതായി ആരോപണം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി പോണ്ടിച്ചേരിയുടെ അണ്ടര്‍ 19 പരിശീലകനെ മൂന്ന് പ്രാദേശിക കളിക്കാര്‍ േചര്‍ന്ന് ആക്രമിച്ചു എന്നാണ് ആരോപണം. ബാറ്റിന് അടികൊണ്ട പരിശീലകന്‍ എസ്. വെങ്കടരാമന് തലയ്ക്കും തോളെല്ലിനും പരിക്കേല്‍ക്കുകയും പൊട്ടലുണ്ടാവുകയും ചെയ്തു.
നിലവില്‍ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നതിന് കാരണം കോച്ച് ആണെന്ന് സംശയിച്ച മൂന്ന് പ്രാദേശിക ക്രിക്കറ്റര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കൊലപാതകക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളിക്കാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ നിരീക്ഷിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുമ്പോഴായിരുന്നു കോച്ച് വെങ്കടരാമന്‍ ആക്രമിക്കപ്പെട്ടത്.
ടൂര്‍ണമെന്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പ്രതികളായ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാരന്‍ എന്നിവര്‍ കോച്ചിനെ ചോദ്യം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മൂവരും ചേര്‍ന്ന് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അദ്ദേഹത്തെ ആവര്‍ത്തിച്ച് അക്രമിച്ച ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
കോച്ച് വെങ്കടരാമന് തോളെല്ലിനും വാരിയെല്ലുകള്‍ക്കും ഒടിവുണ്ടായി. നെറ്റിയില്‍ 20 തുന്നലുകള്‍ വേണ്ടിവന്ന ആഴത്തിലുള്ള മുറിവേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചു. അദ്ദേഹം നിലവില്‍ ചികിത്സയിലാണ്. സംഭവം പ്രാദേശിക ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യുവ കളിക്കാര്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിന്റെയും അച്ചടക്കമില്ലായ്മയുടെയും അപകടകരമായ സൂചനയാണിതെന്ന് നിരവധി ഉദ്യോഗസ്ഥര്‍ അപലപിച്ചു.






