Breaking NewsKeralaLead NewsNEWSNewsthen Specialpolitics

രാഹുലിന്റെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു; കെയര്‍ ടേക്കര്‍ സൗകര്യം ഒരുക്കിയെന്ന് സംശയം; എസ്‌ഐടി ഇന്നു ചോദ്യം ചെയ്യും; രാഹുല്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായി; സഞ്ചരിച്ചത് സിനിമാ താരത്തിന്റെ ചുവന്ന കാറില്‍? എല്ലാ ജില്ലകളിലും പോലീസ് സംഘം

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടുത്തിലിന്റെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റ് കെയര്‍ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്‌തെന്നാണ് സംശയം. കെയര്‍ ടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും. അതുപോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു. സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നാണു വിവരം.

സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് അവ്യക്തം. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുല്‍ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താന്‍ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Signature-ad

അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്റെ ഊര്‍ജ്ജിത നീക്കം.

പാലക്കാട് ജില്ലയില്‍ രാഹുലിന് സ്വാധീനമുള്ള നിരവധി ഹൈഡ് ഔട്ട്സ് ഉള്ളതിനാലും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും പാലക്കാടുള്ളതിനാല്‍ അവര്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥലങ്ങളിലുമെല്ലാം രാഹുലിന് സുരക്ഷിതമായി ഇരിക്കാമെന്നതിനാലും ഇത്തരം സ്ഥലങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്.

പാലക്കാട നഗരത്തിലെ ഒമ്പത് സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പോലീസ് രാഹുലിന്റെ റൂട്ട് മാപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒമ്പത് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ച് എന്തെങ്കിലുമൊരു സൂചന കിട്ടുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയില്‍ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.

എംഎല്‍എയുടെ ഫ്ളാറ്റിലെ പരിശോധന പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ളാറ്റില്‍ നിന്ന് ഫോണുകളൊന്നും കണ്ടുകിട്ടിയിട്ടില്ലെന്നാണ് പറയുന്നത്. അതേസമയം ഫ്ളാറ്റിലെ സിസിടിവി ഫൂട്ടേജുകള്‍ പോലീസ് ശേഖരിച്ചു. ഇതില്‍ രാഹുല്‍ അവസാനം ഫ്ളാറ്റില്‍ വന്നതും പോയതും രാഹുലിനെ കാണാന്‍ വന്നവരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഇതും പോലീസ് പരിശോധിക്കും.

ഇന്നലെ ഫ്ളാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തില്‍ അഞ്ചംഗ സംഘം ഫ്ളാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ളാറ്റിനുള്ളില്‍ കയറി പരിശോധന നടത്തി. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള കേരള പോലീസിന്റെ നീക്കം.

ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. യുവതി നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ളാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്റെ അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: