പോക്കണംകാട് ഗ്രാമത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരും’ നിങ്ങള്‍ മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ഒളിമ്പിക്‌സ് കൊണ്ടുവരും: പ്രകടനപത്രികയോ തള്ളല്‍ പത്രികയോ; ബിജെപിക്കെതിരെ മന്ത്രി ശിവന്‍കുട്ടി തിരു

വനന്തപുരം: ഒരു മലയാള സിനിമയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പഞ്ചായത്ത് മെംബറായി മത്സരിക്കുന്ന കഥാപാത്രം തന്നെ ജയിപ്പിച്ചാല്‍ ആ ഗ്രാമത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരും എന്ന് വോട്ടര്‍മാരോട് വാഗ്ദാനം ചെയ്യുന്നുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക്, തിരുവനനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് ബിജെപി കൊടുത്ത ഒരു വാഗ്ദാനം കേട്ടപ്പോള്‍ പെട്ടന്ന് പോക്കണംകാട് ഗ്രാമത്തിന് എയര്‍പോര്‍ട്ട് വാഗ്ദാനം ചെയ്ത ആ സിനിമ ഓര്‍മവന്നു. 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേട്ട് ബിജെപിക്കാര്‍ വരെ ഞെട്ടിയെന്നാണ് തിര്വന്തോരം വാര്‍ത്ത.
മന്ത്രി വി.ശിവന്‍കുട്ടിക്കാണേല്‍ ഈ വാഗദാനം കേട്ടപ്പോള്‍ അതിനെക്കുറിച്ച് രണ്ടുവാക്കു പറയാതെ ഇരിക്കപ്പൊറുതിയില്ലാത്ത സ്ഥിതിയുമായി.

ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഒളിമ്പിക്‌സ് വേദി പ്രഖ്യാപന തള്ളല്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഒരിക്കലും വാഗ്ദാനങ്ങള്‍ പാലിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്‍കേണ്ട പ്രകടനപത്രിക ആണോ ഇതെന്ന് ചോദിച്ച മന്ത്രി തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രിക തയാറാക്കുന്നതിനുള്ള സാമാന്യ വിവരം പോലും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനില്ലെന്നും പറഞ്ഞു.

ഒളിമ്പിക്‌സ് വേദി പ്രഖ്യാപിക്കുന്നതില്‍ ചില നടപടിക്രമങ്ങള്‍ ഉണ്ട്. ഒളിമ്പിക് അസോസിയേഷനാണ് എവിടെ വെച്ച് നടത്തണമെന്നുള്ള കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത്. അതില്‍ രാജീവ് ചന്ദ്രശേഖറിന് എന്ത് കാര്യമാണുള്ളതെന്നും ഒളിമ്പിക് അസോസിയേഷനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ശിവന്‍കുട്ടി ചോദിച്ചു. ജനങ്ങളെ നിരന്തരമായി കബളിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. കോര്‍പറേഷന്‍ അധികാരത്തില്‍ ബിജെപി എത്തിയാല്‍ വികസന രേഖ പുറത്തിറക്കാന്‍ പ്രധാനമന്ത്രി എത്തുമെന്നാണ് അടുത്ത വാദം. പ്രധാനമന്ത്രിയെ കൊണ്ടു വരികയൊന്നും വേണ്ടെന്നും കേരളത്തിന് നിയമാനുസൃതമായി കേന്ദ്രം തരേണ്ട തുകയുണ്ട്. അത് തന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും വാഗ്ദാനങ്ങള്‍ പാലിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. 50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്ന വാദവും ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടിയാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവും ബിജെപിക്കില്ല. കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നതെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ മുന്നത്തേതില്‍ നിന്ന് കുറയുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
നിങ്ങള്‍ മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് നടന്നോ എന്ന് ബിജെപിക്കാര്‍ തിരച്ചുചോദിക്കുന്നുണ്ട്. ശ്രമിച്ചു നോക്കുന്നതില്‍ തെറ്റെന്താണ് എന്നാണവരുടെ ചോദ്യം.
എന്തായാലും വെഞ്ഞാറമൂടും കല്ലമ്പലത്തും പാളയത്തും തമ്പാനൂരുമൊക്കെ ബിജെപി ജയിച്ചാല്‍ പിന്നെ ഒളിമ്പിക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പല്ലേ പിന്നെ….






