‘കേരള പോലീസ് ഈ ലുക്കിംഗ് ഫോര്‍ യു’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ യുവതിയുടെ ചിത്രം കോണ്‍ഗ്രസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നെന്ന് ഡോ. സരിന്‍; സന്ദീപ് വാര്യര്‍ക്ക് ഒപ്പമുള്ള സ്‌ക്രീന്‍ഷോട്ട് തെളിവായി പുറത്തുവിട്ടു; പോലീസ് നടപടി ഉറപ്പ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയുടെ ചിത്രം കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് പി.സരിന്‍. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സരിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിയന്ത്രിക്കുന്ന ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ടീമിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഉന്നത കോണ്‍ഗ്രസ് നേതാക്കളടക്കം അംഗങ്ങളായ ഗ്രൂപ്പില്‍ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച് അവരുടെ ഐഡന്റിന്റെ വെളിപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സരിന്‍ ആരോപിക്കുന്നു. പരാതി നല്‍കിയിട്ടുണ്ടെന്നും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.
ഇത്രയുമേയുള്ളൂ കടുത്ത അനുഭാവികള്‍ മാത്രം ഉപയോഗിക്കുന്ന ഗ്രൂപ്പിന്റെ വിശ്വാസ്യതയെന്നും സരിന്‍ പരിഹസിക്കുന്നുണ്ട്. അതിജീവിതയെ അപമാനിക്കുന്നതരത്തില്‍ തുടര്‍ന്നും നടപടിയുണ്ടായാല്‍ ഗ്രൂപ്പിലുള്ളവരുടെയെല്ലാം നമ്പറുകള്‍ താന്‍ പരസ്യപ്പെടുത്തുമെന്നും നിലവില്‍ ചിത്രം പോസ്റ്റു ചെയ്തയാളുടെ മാത്രം നമ്പര്‍ വെളിവാക്കി സരിന്‍ എഴുതുന്നു. ‘വളരെ വൈകിയാണ് അറിഞ്ഞത് പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹം. ഭയമില്ലാത്തവര്‍ ഇതുപോലെ പോസ്റ്റു ചെയ്യണം’ എന്ന കുറിപ്പോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരിഫെന്നയാള്‍ ചിത്രം പങ്കുവച്ചത്.
സരിന്റെ കുറിപ്പിങ്ങനെ:
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റും കമന്റും ഒക്കെ നിയന്ത്രിക്കുന്ന ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ടീമിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് ആണ് IRT Content Sharing. അതില്‍ ഒരു മഹാന്‍ നല്‍കിയ ആഹ്വാനത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച്, അവരുടെ ഐഡന്റിറ്റി വെളിവാക്കിയത് കോണ്‍ഗ്രസിലെ സമ്മുന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പില്‍ നടന്ന ഗൂഢാലോചനയാണ്. എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. ബന്ധങ്ങള്‍ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
അതിലെ അഡ്മിന്മാര്‍ക്ക് രണ്ട് ഉപദേശങ്ങള്‍ തരാം:
1. ഇത്രയൊക്കെയേയുള്ളൂ നിങ്ങളുടെ കടുത്ത അനുഭാവികളെ മാത്രം വര്‍ഷങ്ങളായി ഫില്‍ട്ടര്‍ ചെയ്ത് ചേര്‍ത്ത ഗ്രൂപ്പിന്റെ വിശ്വാസ്യത എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. എന്നിട്ട്, അവനവന്‍ ഉപയോഗിക്കുന്ന വാട്‌സാപ്പ് നമ്പറുകള്‍ എന്നന്നേക്കുമായി ഉടന്‍ ഉപേക്ഷിക്കുക. ബിക്കോസ്, കേരള പോലീസ് ഈസ് ലുക്കിങ് ഫോര്‍ യൂ ആള്‍. പരാതി പോയിട്ടുണ്ട്.
2. ആഹ്വാന പോസ്റ്റിട്ട മഹാന്റെ നമ്പര്‍ മാത്രമേ ഇപ്പോ ഞാനായിട്ട് ഇവിടെ പരസ്യപ്പെടുത്തുന്നുള്ളൂ. ഈ യന്ത്രം ഇനിയും പ്രവര്‍ത്തിപ്പിച്ചാല്‍ സകലതിന്റേയും നമ്പര്‍ പുറം ലോകം അറിയും. നിങ്ങളുടെ ഡല്‍ഹിയിലെ വക്കീല്‍ മാഡത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍: ‘ഈ കള്ളക്കളി ഇവിടെ അവസാനിക്കണം.’ ഭയമില്ലാത്തവര്‍ ഇതു പോലെ പോസ്റ്റും !






