Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

കല്യാണിക്കുട്ടിയമ്മയുടെ ആത്മാവ് പൊറുത്താലും കരുണാകരന്റെ ആത്മാവ് ക്ഷമിക്കില്ല; മുരളിക്കും പത്മജയ്ക്കും പൊറുക്കാനാകില്ല; അന്നമൂട്ടിയ കല്യാണിക്കുട്ടിയമ്മയെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും സഹിക്കാനാവില്ല; വാ വിട്ട വാക്കോതിയതിന്റെ ഫലം കിട്ടാതെ പോകുമോ മിസ്റ്റര്‍ മാങ്കൂട്ടത്തില്‍

തൃശൂര്‍: കൈവിട്ട ആയുധം വാ വിട്ട വാക്ക്, രണ്ടും തിരിച്ചു പിടിക്കാന്‍ പറ്റില്ലെന്ന് ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ കൊളപ്പുള്ളി അപ്പനോട് പറയുന്നുണ്ട്.
അത് കണ്ടിരുന്നെങ്കില്‍, ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കല്യാണിക്കുട്ടിയമ്മയെ പറ്റി അങ്ങനെ പുലഭ്യം പറയില്ലായിരുന്നു.
കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും അന്നമുട്ടിയ കെ കരുണാകരന്റെ പ്രിയ പത്‌നി കല്യാണിക്കുട്ടിയമ്മ കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം അമ്മ തന്നെയായിരുന്നു.
ആ അമ്മയുടെ സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാത്തവര്‍ കോണ്‍ഗ്രസില്‍ ഇല്ല എന്ന് തന്നെ പറയാം.
പക്ഷേ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ തുര്‍ക്കിക്ക് അത് അറിയാതെ പോയി. ആ അമ്മയെപ്പറ്റി പുലഭ്യം പറയുമ്പോള്‍ അതിനെ കൈയ്യടി കിട്ടുമെന്ന് വ്യാമോഹിച്ചത് കോണ്‍ഗ്രസ് പാരമ്പര്യം എന്തെന്നറിയാത്ത മാങ്കൂട്ടത്തില്‍ തറവാട്ടിലെ ഇളമുറക്കാരന്റെ അറിവുകേട്.


കരുണാകര പുത്രി പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയപ്പോഴാണ് കല്യാണിക്കുട്ടിയമ്മയെ കുറിച്ച്, പത്മജയെ കുറിച്ച് കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ വീട്ടുമുറ്റത്ത് കുട്ടിയും കോലും കളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ട് ഡയലോഗടിച്ചത്.
പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്തവള്‍ എന്ന് പത്മജയെ അധിക്ഷേപിച്ചപ്പോള്‍ അത് ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ചിന്തിക്കാനുള്ള മിനിമം കോമണ്‍സെന്‍സ് ഹൂ കെയേഴ്‌സ് എന്ന പുലമ്പുന്ന മാങ്കൂട്ടത്തില്‍ തമ്പുരാന്റെ തലയില്‍ സ്റ്റഫ് ചെയ്തു വിട്ടില്ല മുകളില്‍ ഇരിക്കുന്നയാള്‍.എന്തായാലും ആ ഒരൊറ്റ പുലഭ്യം പറച്ചിലിലൂടെ മാങ്കൂട്ടത്തിലെ കൊച്ചുമോന്റെ നിലവാരം എല്ലാവര്‍ക്കും മനസ്സിലായി.

Signature-ad


പിന്നീടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്.
അതുവരെയും പറഞ്ഞു കേട്ടിരുന്നത് പാലക്കാട്ടേക്ക് മുരളി വരും എന്നായിരുന്നു. കെ.കരുണാകരന്റെ മകനെ വരവേല്‍ക്കാന്‍ കരിമ്പന കൂട്ടങ്ങളുടെ നാട് കരിമ്പന കൂട്ടങ്ങളുടെ നാട് ഒരുങ്ങി നില്‍ക്കുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടന്‍ മണ്ണിലേക്ക് എത്തുന്നത്. അതോടെ വീണ്ടും കരുണാകര കുടുംബത്തിന് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും വെട്ട്.

അമ്മയെ പുലഭ്യം പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പയ്യനെ പത്മജ കടുത്ത ഭാഷയില്‍ നിര്‍ത്തി പൊരിച്ചു.
പാലക്കാട് മത്സരിക്കാന്‍ ഒരു ആണ്‍കുട്ടി പോലുമില്ലേ എന്നായിരുന്നു രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പത്മജ തുറന്നടിച്ച് പരിഹസിച്ചത്. കെ.കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് തങ്ങളുടെ അമ്മയെ കരിവാരിപൂശിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളോ എന്നും പത്മജ അന്ന് ചോദിച്ചിരുന്നു. എന്റെ അമ്മയെപ്പറ്റി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് കേട്ട് കോണ്‍ഗ്രസിലെ പല നേതാക്കളും അത് ആസ്വദിച്ചുവെന്നും എന്റെ അമ്മ സ്വന്തം മക്കളെപോലെ നോക്കിയവരായിരുന്നു ആ പല നേതാക്കന്‍മാരുമെന്നും പത്മജ ആ അവസരത്തില്‍ പറഞ്ഞിരുന്നു.

ആ സമയത്ത് രാഹുലിനെ മുരളിയും നിശിതമായി വിമര്‍ശിച്ചിരുന്നു. രാഹുലിന്റെ വരവു കാരണം പാലക്കാട് മത്സരിക്കാനുള്ള അവസരം നഷ്ടമായതിന്റെ കലിപ്പിനൊപ്പം അമ്മയെ മോശമായി പറഞ്ഞ രാഹുലിനോടുള്ള ദേഷ്യവും മുരളിയെ മഥിച്ചു. പിന്നീടങ്ങോട്ട് രാഹുലിനെ ഒട്ടും സുഖത്തിലല്ല മുരളി ഡീല്‍ ചെയ്തിരുന്നതെന്നതാണ് സത്യം. രാഹുലിനെതിരെ ലൈംഗീകാരോപണ പരാതി ഉയര്‍ന്നതോടെ മുരളി രാഹുലിനെതിരെ ആഞ്ഞടിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ പുതിയ ശബ്ദരേഖ പുറത്തുവന്നപ്പോള്‍ അതിജീവിതയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് പരാതി ഔദ്യോഗികമായി നല്‍കാനുള്ള ധൈര്യം ആ പെണ്‍കുട്ടിക്ക് വാക്കുകളിലൂടെ നല്‍കുന്നതില്‍ മുരളി മുന്നിലുണ്ടായിരുന്നു. ഇനി രാഹുലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ രാജി എന്ന ടാര്‍ജറ്റാണ് ഒരുപക്ഷെ മുരളിക്ക് മുന്നിലുണ്ടായിരിക്കുക. ഇന്നലത്തെ പല കമന്റുകളിലും ആ ലക്ഷ്യത്തിന്റെ മണമുണ്ടായിരുന്നു.
അടുത്തിടെ തൃശൂരില്‍ എം.ജോണ്‍ പുരസ്‌കാര സമര്‍പണ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മുരളി പറഞ്ഞ ഡയലോഗുകള്‍ കരുണാകരനെ ചതിച്ചവരുടെ ഇടനെഞ്ച് തകര്‍ത്തിരുന്നു.
കരുണാകരന്റെ
ശാപം ഏറ്റുവാങ്ങാത്തയാളാണ് വി.ഡി.സതീശന്‍ എന്ന പുകഴ്ത്തലും അന്ന് മുരളിയില്‍ നിന്നുണ്ടായി.
കെ.കരുണാകരന്റെ മനസില്‍ വേദനയുണ്ടാക്കിയവര്‍ പൊങ്ങേണ്ട സമയത്ത് ദേശീയപാത തകര്‍ന്നതും പോലെ താഴോട്ട് പതിക്കുകയായിരുന്നുവെന്നും മുരളി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കരുണാകരനില്‍ നിന് ്കിട്ടിയ ശാപമാണ് അതിനു കാരണമെന്നുമായിരുന്നു മുരളി ഓര്‍മിപ്പിച്ചത്.

മുന്നിലെ രാഷ്ട്രീയഭാവി ഇരുളടയുന്നത് നോക്കിനില്‍ക്കുമ്പോള്‍ ഹു കെയേഴ്‌സ് എന്ന് ചോദിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാവു പൊങ്ങുന്നുണ്ടാവില്ല. തനിക്ക് വേണ്ടപ്പെട്ടവരെല്ലാം കെ.കരുണാകരന് ആശ്രിതവത്സലരായിരുന്നു. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ആരോപണശരങ്ങളിലും ഒരിഞ്ചുപോലും അടിപതറാത്ത രാഷ്ട്രീയആചാര്യനും ലീഡറുമായ കെ.കരുണാകരന്‍ ആകെ തകര്‍ന്ന് തരിപ്പണമായ സംഭവം തെരഞ്ഞെടുപ്പുകളിലെ തോല്‍വികളൊന്നുമല്ലായിരുന്നു, കല്യാണിക്കുട്ടിയമ്മ മരിച്ചു എന്നറിഞ്ഞപ്പോഴാണ്. അന്ന് രാമനിലയത്തിലെ മുറിയിലെ ചുമരില്‍ കൈകുത്തി നീങ്ങിനിരങ്ങിപ്പോയ ലീഡറെക്കുറിച്ച് സന്തതസഹചാരിയായ ബാലനടക്കമുള്ളവര്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട്. പ്രാണനില്‍ പ്രാണനായ കല്യാണിക്കുട്ടിയമ്മയെ പരോക്ഷമായി പുലഭ്യം പറഞ്ഞ രാഹുലിനോട് ക്ഷമിക്കാന്‍ കരുണാകരന്റെ ആത്മാവിനാവില്ലെന്നുറപ്പ്. പൂങ്കുന്നത്തെ മുരളീമന്ദിരത്തിലെ സ്്മൃതി മണ്ഡപത്തില്‍ നിന്നു വരെ വേണമെങ്കില്‍ ഉയര്‍ത്തെഴുനേറ്റ് വന്ന് രാഹുലിന്റെ കഥ കഴിക്കുമായിരുന്നു ലീഡര്‍.
ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷാകവചങ്ങളെല്ലാം നഷ്ടപ്പെട്ട് നിരായുധനായി ഏവരാലും വെറുക്കപ്പെട്ട് ഒളിച്ചോടാന്‍ ശ്രമിക്കുമ്പോള്‍ തുടരും എന്ന സിനിമയില്‍ മോഹന്‍ലാലിനോട് പ്രകാശ് വര്‍മയുടെ കഥാപാത്രം കോടതിയില്‍ വെച്ച് പറയുന്ന ഒരു ഡയലോഗ് ചേര്‍ത്തുവെക്കാം –
ഈ കഥയിലെ നായകന്‍ ഈ ജോര്‍ജ് സാറാടാ എന്നു പറയും പോലെ ഈ കഥയിലെ നായകന്‍ ഈ കെ.കരുണാകരനാടാ എന്ന് പറഞ്ഞാല്‍ കയ്യടി ഉയരും. പത്തുമാസം നൊന്തു പ്രസവിച്ച മുരളിയെന്നും പത്മജയെന്നും പേരുള്ള രണ്ടു മക്കള്‍ക്ക് പുറമെ പോറ്റമ്മയായി കല്യാണിക്കുട്ടിയമ്മയുടെ സ്‌നേഹവാത്സല്യമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കയ്യടിക്കും ആ ഡയലോഗിന്.

 

Back to top button
error: