ഇതൊരു കോമഡി സിനിമയല്ല സീരിയസ് കഥയാണ്; തമാശകളില്ലാതെ ഹരീഷ് കണാരന്‍; കഷ്ടപ്പെട്ടുണ്ടാക്കിയ പണം വിട്ടുകൊടുത്ത് നഷ്ടപ്പെടുത്തില്ലെന്ന് ശപഥമെടുത്ത് ഹരീഷ്; പ്രൊഡക്ഷന്‍ എക്‌സക്യൂട്ടീവും നിര്‍മാതാവുമായ ബാദുഷക്കെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചി: പ്രൊഡക്ഷന്‍ എക്‌സക്യൂട്ടീവും നിര്‍മാതാവുമായ ബാദുഷക്കെതിരെ ഗുരുതര ആരോപണങ്ങളും പരാതിയുമായി നടന്‍ ഹരീഷ് കണാരന്‍. തന്റെ കയ്യില്‍ നിന്നും ബാദുഷ 20 ലക്ഷത്തിലല്‍ പരം രൂപ വാങ്ങിയത് തിരിച്ചു തരുന്നില്ലെന്നും തന്റെ അവസരങ്ങള്‍ പലതും ബാദുഷ നഷ്ടമാക്കിയെന്നും തനിക്ക് കിട്ടേണ്ട പല പ്രധാന സിനിമകളിലെ റോളുകളും ബാദുഷ ഇല്ലാതാക്കിയെന്നുമെല്ലാം ആരോപിച്ച് ഹരീഷ് കണാരന്‍ പരസ്യമായി രംഗത്തെത്തി.

മലയാള സിനിമയില്‍ ഹാസ്യനടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന ഹരീഷ് കണാരന് ഇപ്പോള്‍ സിനിമകളൊന്നുമില്ലാത്ത അവസ്ഥയാണ്. സോഷ്യല്‍മീഡിയയില്‍ ഹരീഷ് കണാരനെവിടെ എന്ന ചോദ്യവും ചര്‍ച്ചയും അടുത്തിടെ വൈറലായിരുന്നു. ഇതിനിടെയാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ഹരീഷ് കണാരന്‍ തുറന്നുപറയുന്നത്.
രണ്ടു വര്‍ഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ലെന്നും എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഹരീഷ് കണാരന്റെ ഒട്ടും തമാശ കലരാത്ത ആ വേദനിപ്പിക്കുന്ന വാക്കുകള്‍ ഇങ്ങനെ:
അഞ്ചു വര്‍ഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടില്‍ വരുന്നു, അവരുടെ വീട്ടില്‍ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളന്‍ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ നല്‍കാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാന്‍ ബാങ്കില്‍ വിളിച്ചു പറഞ്ഞിട്ട് പണം ട്രാന്‍ഫര്‍ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്… പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാന്‍ കാത്തിരുന്നു.
മൂന്നാലു മാസം കഴിഞ്ഞപ്പോള്‍ കോവിഡ് വന്നു. അപ്പോള്‍ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലര്‍ക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാന്‍ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാള്‍ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാന്‍ ചോദിച്ചു. ‘വെടിക്കെട്ട്’ റിലീസ് ആകുമ്പോള്‍ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോള്‍ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.
ഇതിനിടെ, എആര്‍എമ്മില്‍ 40 ദിവസത്തെ ഡേറ്റ് വേണം റോള്‍ ഉണ്ടെന്നു പറഞ്ഞു. ഞാന്‍ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാള്‍ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടന്‍ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാന്‍ പറഞ്ഞു. ഇതിനിടെ, എആര്‍എമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടര്‍ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.
ഒരിക്കല്‍ ചാനലിന്റെ അവാര്‍ഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാല്‍ നേരിട്ടു സംസാരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോള്‍ ടോവീനോ ചേട്ടന്‍ എവിടെയാ, അവിടെ നില്‍ക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാന്‍ വഴിയില്‍ കാത്തുനിന്നപ്പോള്‍ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആര്‍എമ്മില്‍ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാന്‍ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാന്‍ മറുപടി നല്‍കി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂര്‍വം അയാള്‍ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളില്‍ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങള്‍ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്റെ മക്കള്‍ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്റെ പേരില്‍ എന്നെ ഇനി സിനിമയില്‍നിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാന്‍ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്.

ഹരീഷ് കണാരന്‍ ഇതുവരെയും തന്റെ കാര്യങ്ങള്‍ എവിടെയും തുറന്നുപറഞ്ഞിരുന്നില്ല. പറ്റിക്കപ്പെട്ട കഥകള്‍ അദ്ദേഹം തുറന്നുപറഞ്ഞ സ്ഥിതിക്ക് സിനിമാലോകത്തെ വേണ്ടപ്പെട്ടവരെല്ലാം വിഷയത്തില്‍ ഇടപെട്ട് ഒരു കോംപ്രമൈസ് ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. താരസംഘടനയായ അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമൊക്കെ വിഷയത്തില്‍ അടിയന്തിരമായി ഇടപെടാനൊരുങ്ങിയിട്ടുണ്ട്.
ചിരിപ്പിക്കാനും രസിപ്പിക്കാനും കഴിവേറെയുള്ള ഒരു നടനെ രണ്ടുവര്‍ഷത്തോളം ബിഗ് സ്‌ക്രീനില്‍ നിന്നും സിനിമയുടെ വെളളിവെളിച്ചത്തില്‍ നിന്നും മാറ്റിനിര്‍ത്തിയത് ഒരു കലാകാരനോടുള്ള ഏറ്റവും വലിയ ക്രൂരത തന്നെയാണെന്ന് ആരാധകര്‍ പറയുന്നു. അനായാസേന അഭിനയശൈലിയും ലാളിത്യം നിറഞ്ഞ ഒട്ടും അതിരുവിടാത്ത കോമഡിയും സംസാരശൈലിയുമായി വീണ്ടും ഹരീഷ് കണാരന്‍ മലയാളത്തിന്റെ ബിഗ് സ്‌ക്രീനില്‍ നിറയുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.






