Breaking NewsCrimeKeralaLead NewsNEWSNewsthen Special

നടിയെ ആക്രമിച്ച കേസ്: ഇടപെടരുതെന്നു ചിലര്‍ പി.ടിയോട് ആവശ്യപ്പെട്ടു; ആ പേരുകള്‍ പുറത്തു പറയാന്‍ കഴിയില്ലെന്ന് ഉമ തോമസ്; ഭാമ മുതല ബിന്ദു പണിക്കര്‍വരെ 19 പേര്‍ മൊഴിമാറ്റിയ കേസില്‍ വിധി പറയാനിരിക്കേ വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍ പി.ടി. തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ. താന്‍ ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ലെന്ന് പി.ടി. പറഞ്ഞു. ആ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിനു പ്രഖ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം.

എട്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ നൂറിലേറെ ദിവസമാണ് വിസ്തരിച്ചത്. ഏപ്രില്‍ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ അന്തിമവാദം പൂര്‍ത്തിയായത്.

Signature-ad

തുടര്‍ന്ന് വിധിക്ക് മുന്നോടിയായി വാദങ്ങളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ഏഴ് മാസം. എട്ട് വര്‍ഷം നീണ്ട വിചാരണനപടികള്‍ക്കൊടുവില്‍ ഡിസംബര്‍ എട്ടിന് വിധിയെന്ന് ജ്ഡജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി. തദേശതിരഞ്ഞെടുപ്പിന് തൊട്ടു തലേദിവസമുള്ള വിധി നടന്‍ ദിലീപിനടക്കം ഏറെ നിര്‍ണായകമാണ്. ദൈര്‍ഘ്യമേറിയ വിചാരണനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതിലഭിക്കുമെന്നാണ് പ്രതീക്ഷ.

2017 ഫെബ്രുവരി 17നാണ് തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പുറപ്പെട്ട നടി ആക്രമിക്കപ്പെട്ടത്. കൂട്ട ബലാല്‍സംഗം, ഗൂഡാലോചന തെളിവ് നശിപ്പിക്കലടക്കമുള്ള വകുപ്പുകള്‍ ചുമത്തിയ കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ഒന്നാംപ്രതിയായ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയായി.

വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ഹണി.എം.വര്‍ഗീസിന് ചുമതല നല്‍കി. 2020 ജനുവരി ആറിന് ഒന്നാം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള 10 പ്രതികള്‍ക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തി. കൃത്യം നടന്ന് ഏകദേശം മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ജനുവരി 30 ന് സാക്ഷി വിസ്താരം ആരംഭിച്ചു. അടച്ചിട്ട കോടതിമുറിയില്‍ ആയിരുന്നു വിചാരണ നടപടികള്‍. ചലച്ചിത്ര താരങ്ങളായ ഭാമ, സിദ്ദിഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ തുടങ്ങി 19 സാക്ഷികള്‍ വിചാരണക്കിടെ മൊഴിമാറ്റി.

അതിനിടെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും, സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും, ആവശ്യം തള്ളി. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപും കോടതിയെ സമീപിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വിചാരണ പുരോഗമിക്കുന്നതിനിടയാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍. പുതിയ സംഘത്തെ നിയോഗിച്ച് ഈ വെളിപ്പെടുത്തലിന്മേല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ഇതോടെ വിചാരണ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അന്വേഷണത്തിനൊടുവില്‍ ദിലീപിനും സുഹൃത്ത് ശരത്തിനുമെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി കോടതി ചുമത്തി. 11 മാസത്തെ ഇടവേളക്കുശേഷം 2022 നവംബറില്‍ വിചാരണ പുനരാരംഭിച്ചു. ഇതിനിടെ വിചാരണ കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു.

അതിജീവിതയുടെ അപേക്ഷ പരിഗണിച്ച് അഡ്വ.വി.അജകുമാറാണ് മൂന്നാമത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റത്. സാക്ഷിവിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതിയുടെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി പല തവണ കാലാവധി നീട്ടി നല്‍കി. ക്രോസ് വിസ്താത്തിന് ഏറ്റവും സമയം എടുത്തത് ദിലീപിന്റെ അഭിഭാഷകരായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളമാണ് വിസ്തരിച്ചത്. ഇതില്‍ 87 ദിവസവും എടുത്തത് ദിലീപിന്റെ അഭിഭാഷകന്‍. ദേശീയ തലത്തില്‍ പോലും ഏറെ ശ്രദ്ധിക്കപ്പെട്ട കേസിലെ വിധിയും വരും ദിവസങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: