അന്നദാനപ്രഭുവിനെ ദര്‍ശിക്കാനെത്തുമ്പോള്‍ ഇനി വിഭവസമൃദ്ധസദ്യയുണ്ണാം; ശബരിമല അന്നദാനത്തിന് ഇനി കേരള സദ്യ; പപ്പടവും പായസവുമടക്കമുള്ള സദ്യനല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: അന്നദാനപ്രഭൂവായ ശബരിമല ശ്രീ അയ്യപ്പനെ ദര്‍ശിക്കാനെത്തുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്ക് ഇനി ശബരിമലയില്‍ അന്നദാനത്തിന് വിഭവസമൃദ്ധമായ സദ്യയുണ്ണാം.
ശബരിമല അന്നദാനത്തിന് ഇനി മുതല്‍ കേരള സദ്യ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ അറിയിച്ചു. ഇതോടെ കേരളത്തിന്റെ പേരുകേട്ട സദ്യയും ലോകമെമ്പാടും പ്രശസ്തമാകും. നേരത്തെ ഉണ്ടായിരുന്ന മെനുവില്‍ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പപ്പടവും പായസവും സദ്യയില്‍ ഉണ്ടാവും. അയ്യപ്പന്‍മാര്‍ക്ക് നല്ല ഭക്ഷണം നല്‍കാന്‍ ഭക്തജനങ്ങള്‍ നല്‍കുന്ന പണമാണ് ഉപയോഗിക്കുന്നത്. ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പന്‍മാര്‍ക്ക് നല്‍കും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ശബരിമല തീര്‍ഥാടനം മെച്ചപ്പെടുത്താന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയാണ്.
ഡിസംബര്‍ 18ന് അവലോകന യോഗം ചേരും. ആദ്യ ദിവസങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തീര്‍ഥാടകരുടെ വരവ് നിയന്ത്രണവിധേയമാണ്. പോലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടുവെന്നും കെ. ജയകുമാര്‍ പറഞ്ഞു.






