Breaking NewsKeralaLead NewsNEWSNewsthen Specialpolitics

യുഡിഎഫ് പ്രകടന പത്രികയില്‍ ഏറെയും എല്‍ഡിഎഫ് നടപ്പാക്കിയ പദ്ധതികളോ? വീടു നിര്‍മാണം മുതല്‍ നൈപുണി പദ്ധതിയും മാലിന്യ ശേഖരണവും വരെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസം; അഞ്ചുവര്‍ഷത്തില്‍ അഞ്ചുലക്ഷം വീടുകളെന്നും വാഗ്ദാനം; അപ്പോള്‍ ആ 30 വീടുകളോ?

തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരേ സോഷ്യല്‍ മീഡിയയില്‍ പരിഹാസം. മാലിന്യ സംസ്‌കരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, വീടുകളുടെ നിര്‍മാണം, അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ വീടുകളുടെ വാടക നല്‍കല്‍, വീടുകളില്‍നിന്നു മാലിന്യ ശേഖരണം, അങ്കണവാടികളുടെ ആധുനികവത്കരണം, വെള്ളക്കെട്ടു തടയാന്‍ കോര്‍പറേഷനുകളിലും നഗരസഭകളിലും പ്രതിമാസ മാലിന്യ നീക്കം ചെയ്യല്‍ എന്നിവയടക്കമുള്ള പദ്ധതികള്‍ ഇപ്പോള്‍തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതാണ്.

അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നാണു മറ്റൊരു വാഗ്ദാനം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു പിന്നാലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 വീടുകള്‍ക്കുള്ള സ്ഥലം പോലും കണ്ടെത്താന്‍ കഴിയാത്തപ്പോഴാണ് അഞ്ചുലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം. ഏറ്റവുമൊടുവില്‍ ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ എല്ലാംകൂടി 4250 വീടുകളാണ് നിര്‍മിച്ചത്.

Signature-ad

കേരള സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നാലരലക്ഷം വീടുകള്‍ നിര്‍മിച്ചു. കണക്കു നോക്കുമ്പോള്‍ പ്രതിദിനം നൂറുവീടുകള്‍വച്ചു നിര്‍മിച്ചു എന്നതാണ് ശരാശരി. കഴിഞ്ഞ തെരഞ്ഞെുപ്പില്‍ ട്രെന്‍ഡിംഗ് ആയിരുന്ന ‘1000’ വീടുകള്‍ എന്ന വാഗ്ദാനവും നടപ്പാക്കിയില്ല.

ആശവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസ ഓണറേറിയം 2000 രൂപ നല്‍കുമെന്നാണു പറയുന്നത്. അവസാന യുഡിഎഫ് ഭരണത്തില്‍ 500ല്‍ നിന്ന് ആയിരം രൂപയാക്കി മാത്രമാണ് ഉയര്‍ത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് 7000 രൂപയും പിന്നീട് 8000 രൂപയുമാക്കി.

നൈപുണ്യ വികസന പരിപാടികള്‍ വിപുലീകരിക്കുമെന്നതാണ് മറ്റൊന്ന്. നിലവില്‍ ഡോ. തോമസ് ഐസക് ഉപദേശകനായി നൈപുണി വികസന പദ്ധതി കേരള സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഐസക്കിന്റെ നിയമനത്തിനെതിരേ കോടതിയെ സമീപിച്ചവരാണ് യുഡിഎഫ് നേതാക്കളെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നു പറയുന്നുണ്ടെങ്കിലും ഉറവിട മാലിന്യ സംസ്‌കരണത്തിന് ഊര്‍ജമേകുമെന്നു പറയുന്നു. ഇതും നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

തെരുവുനായകളില്‍നിന്ന് സംരക്ഷണം നല്‍കുമെന്നാണു മറ്റൊരു വാഗ്ദാനമെങ്കിലയും യുഡിഎഫ് ഭരിക്കുന്ന പല പഞ്ചായത്ത്- നഗരസഭകളിലും ഇതുവരെ തെരുവുനായ ശല്യത്തിനെതിരേ നടപടിയെടുത്തിട്ടില്ല.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ നവീകരിച്ചത്. അധികാരത്തില്‍ വന്നാല്‍ കിഫ്ബി പൂട്ടുമെന്ന് പറഞ്ഞത് എം.എം. ഹസനാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടുവന്ന പുരോഗതി തുടരുമെന്നു മാത്രമാണ് യുഡിഎഫ് ഉദ്ദേശിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

എല്ലാ വീടുകളിലും കുടിവെള്ള പദ്ധതിയെത്തിക്കുമെന്നു പറയുന്നുണ്ട്. നിലവില്‍ ജല്‍ജീവന്‍ പദ്ധതിയടക്കം സംസ്ഥാനത്തു സജീവമാണ്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും സജീവ കുടിവെള്ള പദ്ധതികളുണ്ട്. പൈപ്പ് പൊട്ടി കുടിവെള്ളം നിലയ്ക്കുന്നത് ഒഴിവാക്കാന്‍ പ്രതേ്യക പരിപാടിയെന്നു പറയുന്നുണ്ടെങ്കിലും ‘അതെന്തു പരിപാടി’ എന്നാണു സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയില്‍ നൂറു തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുമെന്നാണു പറയുന്നത്. ഇത് സജീവമായി ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍, കേന്ദ്രഫണ്ട് വെട്ടിക്കുറയ്ക്കുന്നു എന്നു പറഞ്ഞപ്പോഴൊക്കെ പരിഹസിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കേന്ദ്രം തന്നില്ലെങ്കില്‍ എങ്ങനെ പണം കണ്ടെത്തുമെന്നു വ്യക്തമാക്കണമെന്നും ജനം ചോദിക്കുന്നു.

കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ നൂറുദിവസത്തിനകം നന്നാക്കുമെന്നും പറയുന്നു. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ റോഡ് എന്തേ നന്നാക്കാത്തൂ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം.

അതിഥി തൊഴിലാളികള്‍ക്കു ക്ഷേമം, വിദേശമാതൃകയില്‍ മാര്‍ക്കറ്റ് നവീകരണം, വയോജന ക്ഷേമം, പുഴയൊഴുകാന്‍ പദ്ധതി എന്നിവയും നിലവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പലയിടത്തും വിജയകരമായി നടപ്പാക്കുന്നുണ്ട്.

ഇന്നത്തെ വഗ്ദാനം. നാളത്തെ യാഥാര്‍ഥ്യം. ഒപ്പമുണ്ടാകും യുഡിഎഫ്. ഈ മുദ്രാവാക്യങ്ങളോടെയാണ് പ്രകടന പത്രിക. ദാരിദ്ര നിര്‍മാര്‍ജനത്തിനായി ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്നത് അടക്കം പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്റീന്‍. തെരുവുനായകളെ മാസത്തിലൊരിക്കല്‍ വന്ധ്യംകരിക്കാനും വാക്‌സിനേഷന്‍ ഡ്രൈവുകള്‍ക്കും മൊബൈല്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കും. റാബീസ് പിടിപെട്ട തെരുവ് നായകളെ ഇല്ലായ്മ ചെയ്യും. വന്യജീവികളില്‍ സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ്. വെള്ളെക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്‌പോഞ്ച് പാര്‍ക്കുകള്‍. നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന്‍ അനന്ത മോഡല്‍ കര്‍മപദ്ധതി. 5 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിക്കും.

കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ അധികാരത്തിലെത്തി 100 ദിവസത്തിനകം നന്നാക്കും. വിദ്യാര്‍ഥികളെ പ്രാദേശിക വികസനത്തില്‍ തല്‍പരരാക്കാന്‍ സ്‌കൂള്‍ നഗരസഭ എന്ന പേരില്‍ പദ്ധതി.പാര്‍ക്കുകളിലും സ്റ്റേഡിയങ്ങളിലും ലൈബ്രറികളിലും സൗജന്യ വൈഫൈ സൗകര്യം. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് എല്ലാവര്‍ഷവും മസ്റ്ററിങ് നടത്തണമെന്നും പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുമുള്വ നിബന്ധന ഒഴിവാക്കും.

എന്നിവയാണ് പ്രധാനവാഗ്ദാനങ്ങള്‍. ശബരിമല സ്വര്‍ണക്കൊള്ള, ലൈഫ് മിഷന്‍ കേസ്, ഡോളര്‍ കടത്ത് കേസ് എന്നിവ അടക്കം വിവാദങ്ങളും കരുവന്നൂര്‍ ബാങ്ക് കൊള്ള അടക്കം അഴിമതികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികളും അക്കമിട്ട് നിരത്തി മറക്കില്ല കേരളം എന്ന പേരില്‍ കുറ്റപത്രവും യുഡിഎഫ് പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: