റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയിലെ നിര്‍ദേശങ്ങള്‍ പുറത്ത്; വന്‍തോതില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വിട്ടു കൊടുക്കണം; നാറ്റോ അംഗത്വവും ലഭിക്കില്ല; റഷ്യ 100 ബില്യണ്‍ ഡോളര്‍ കൈമാറണം; അംഗീകരിക്കാനാകില്ലെന്ന് സെലന്‍സ്‌കി

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രഡിഡന്റെ ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിക്കാതെ യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറില്‍ തീരുമാനമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ന്‍ രംഗത്തെത്തിയതോടെ ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
ട്രംപിന്റെ പ്രതിനിധികള്‍ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ കരട് അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്ന് യുക്രെയ്ന്‍ പറയുന്നത്. യുക്രെയ്‌നുമായി സംസാരിക്കാതെ, റഷ്യയുടെ താല്‍പ്പര്യമനുസരിച്ചുള്ള ഡീലാണ് യുഎസ് തയാറാക്കിയത് എന്നാണ് യുക്രൈന്‍ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ഒലക്‌സാന്‍ഡര്‍ മെറേഷ്‌കോ തുറന്നടിച്ചത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കാനും കീവിന്റെ സൈന്യത്തിന്റെ വലുപ്പം പരിമിതപ്പെടുത്താനും യുഎസ് തയ്യാറാക്കിയ കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കരട് അംഗീകരിച്ചാല്‍ ഡോണ്‍ബാസ് യുക്രെയ്ന്‍ റഷ്യക്ക് വിട്ടുകൊടുക്കേണ്ടി വരും. 2022ല്‍ യുദ്ധം തുടങ്ങി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ സൈനിക നീക്കത്തിലൂടെ റഷ്യയ്ക്ക് പിടിച്ചടക്കാന്‍ പറ്റാത്ത തന്ത്രപ്രധാന മേഖലയാണ് ഡോണ്‍ബാസ്. എന്നാല്‍ യുക്രെയ്‌ന്റെ ഒരിഞ്ച് പോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും വ്യക്തമാക്കി. ഇതോടെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ഡീലിന് തിരിച്ചടിയായിരിക്കുകയാണ്.
യുക്രെയ്ന്‍ സൈനികശക്തി 50 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കണം, യുക്രൈന്റെ പക്കലുള്ള റഷ്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാന്‍ ശേഷിയുള്ള മിസൈലുകള്‍ നശിപ്പിക്കണം, റഷ്യന്‍ ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം, റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് അംഗീകാരം നല്‍കുക, യുക്രെയ്‌ന്റെ മണ്ണില്‍ വിദേശ സൈന്യത്തെ അംഗീകരിക്കില്ല എന്നിവയാണ് മറ്റ് നിബന്ധനകള്‍. റഷ്യക്ക് മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കാനും, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്‍ പലതും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഓഫ് എയിറ്റിലേക്ക് (ജി8) റഷ്യയെ തിരികെ കൊണ്ടുവരാനും ഡീലിലെ ഉപാധികള്‍ വഴിയൊരുക്കും.
എന്നാല്‍ ഈ ഡീല്‍ അംഗീകരിക്കില്ലെന്നും, പുടിന് വേണ്ടി തയാറാക്കിയ കരാര്‍ ആണിതെന്നുമാണ് യുക്രൈന്‍ ആരോപിക്കുന്നത്. യുക്രൈനെ സഖ്യകക്ഷികളുമായി അകറ്റി, ഒറ്റപ്പെടുത്താനുള്ള റഷ്യന്‍ തന്ത്രത്തിന് ട്രംപ് കൂട്ടു നില്‍ക്കുകയാണെന്നും, പുടിന്റെ ഉപദേശകന്‍ ദിമിത്രിയേവിന്റെ നേതൃത്വത്തിലാണ് ഈ ഡീല്‍ ഉണ്ടാക്കിയതെന്നും യുക്രൈന്‍ ആരോപിച്ചു. സമാധാന പദ്ധതിയിലെ നിബന്ധനകള്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപുമായി സെലന്‍സ്‌കി ഉടന്‍ സംസാരിക്കുമെന്ന് സൂചനകളുണ്ട്.
ട്രംപിന്റെ പദ്ധതിയുടെ വിശദ വിവരങ്ങള്‍ രാജ്യാന്തവ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു.
ഠ അതിര്‍ത്തി പ്രദേശങ്ങള്‍
നിര്‍ദേശങ്ങള്‍ പ്രകാരം, ഉക്രെയ്ന് ഡൊണെറ്റ്സ്‌ക് മേഖലയുടെ ബാക്കി ഭാഗം റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടിവരും. സ്ലോവിയാന്‍സ്‌ക്, ക്രമറ്റോഴ്‌സ്‌ക് തുടങ്ങിയ കോട്ടനഗരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ പ്രദേശമാണിത്; ഇപ്പോഴും ഉക്രെയ്ന്റെ നിയന്ത്രണത്തിലാണ് ഇവ. കരാറനുസരിച്ച്, 2022 ഫെബ്രുവരി മുതല്‍ റഷ്യ കീഴടക്കിയ ലുഹാന്‍സ്‌ക്, സപോറിഷ്യ, ഖെര്‍സണ്‍, ഡൊണെറ്റ്‌സ്‌ക് എന്നീ നാല 4 ഉക്രെയ്നിയന്‍ മേഖലകളിലെ റഷ്യന്‍ മുന്നേറ്റം സ്ഥിരമായി അംഗീകരിക്കപ്പെടും. 2014-ല്‍ റഷ്യ കീഴടക്കിയ ക്രിമിയയും സ്ഥിരമായി റഷ്യന്‍ പ്രദേശമായി അംഗീകരിക്കപ്പെടും.
സപോറിഷ്യ ആണവനിലയത്തിന്റെ നിയന്ത്രണത്തില്‍ ഉക്രെയ്ന്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. നിലയം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി റഷ്യയ്ക്കും ഉക്രെയ്നിനും 50-50 ശതമാനം വീതം പങ്കിടുകയും ചെയ്യും.എന്നാല്‍ ഈ പ്രദേശങ്ങള്‍ റഷ്യന്‍ പ്രദേശമായി അംഗീകരിക്കുന്നത് ‘ഡി-ഫാക്ടോ’ മാത്രമായിരിക്കും; മോസ്‌കോ ഇത് പൂര്‍ണമായി സ്വീകരിക്കാന്‍ തയ്യാറാകണമെന്നില്ല.
ഖെര്‍സണിന്റെയും സപോറിഷ്യയുടെയും പൂര്‍ണ നിയന്ത്രണം റഷ്യയ്ക്ക് ലഭിക്കില്ല. നിലവിലെ മുന്നണിരേഖയില്‍ ഒരു രേഖ വരച്ച് നിലവിലുള്ള അവസ്ഥ മരവിപ്പിക്കും. ഉക്രെയ്ന്‍ വിട്ടുകൊടുക്കുന്ന ഡൊണെറ്റ്‌സ്‌ക് ഭാഗത്ത് റഷ്യന്‍ സൈന്യത്തിന് പാളയമടിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. അത് മോസ്‌കോയ്ക്ക് ഉടമസ്ഥതയുള്ള നിഷ്പക്ഷ-നിരായുധീകരണ ബഫര്‍ സോണ്‍ ആയി മാറും.
ഖാര്‍കിവ്, ദ്‌നിപ്രോപെട്രോവ്‌സ്‌ക് മേഖലകളില്‍ റഷ്യ കീഴടക്കിയ ഭാഗങ്ങളില്‍നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങേണ്ടിവരും. ഖാര്‍കിവിലെ കുപ്യാന്‍സ്‌ക് നഗരം റഷ്യ പിടിച്ചെടുത്തെന്ന് മോസ്‌കോ അവകാശപ്പെടുന്നുണ്ട് (കീവ് നിഷേധിച്ചു). അമേരിക്കന്‍ നിര്‍ദേശപ്രകാരം കുപ്യാന്‍സ്‌കില്‍നിന്ന് റഷ്യ പിന്‍വാങ്ങണം.
ഠ പണം
യുദ്ധത്തിന് ശിക്ഷിക്കാനായി പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ ഏകദേശം 300 ബില്യണ്‍ ഡോളര്‍ ആസ്തി (ഭൂരിഭാഗവും യൂറോപ്പില്‍) മരവിപ്പിച്ചിട്ടുണ്ട്.
ഈ ആസ്തി മരവിപ്പിക്കല്‍ നീക്കുകയും യൂറോപ്പിനെതിരെ നടപടിയെടുക്കുമെന്നും റഷ്യ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പ് ഇപ്പോള്‍ ഈ മരവിപ്പിച്ച ആസ്തിയില്‍നിന്നുള്ള പലിശ ഉപയോഗിച്ച് ഉക്രെയ്നിന് വായ്പ നല്‍കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്.
അമേരിക്കന്‍ പദ്ധതി പ്രകാരം റഷ്യ 100 ബില്യണ്‍ ഡോളര്‍ വാഷിംഗ്ടണിന് കൈമാറണം. ഉക്രെയ്ന്‍ പുനര്‍നിര്‍മാണത്തിന് അമേരിക്ക നേതൃത്വം നല്‍കും; അതില്‍നിന്നുള്ള ലാഭത്തിന്റെ 50% അമേരിക്കയ്ക്ക് ലഭിക്കും.
മരവിപ്പിച്ച റഷ്യന്‍ ആസ്തിയുടെ മറ്റൊരു ഭാഗം അമേരിക്ക-റഷ്യ സംയുക്ത നിക്ഷേപ പദ്ധതിയിലേക്ക് മാറ്റും; അതില്‍നിന്ന് മോസ്‌കോയ്ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കും.
എന്നാല്‍ മരവിപ്പിച്ച ഫണ്ട് ചെലവഴിക്കുന്നതില്‍ റഷ്യയ്‌ക്കോ ഉക്രെയ്നിനോ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കില്ല. യൂറോപ്പിന്റെ ഉക്രെയ്ന്‍ സഹായ പദ്ധതി ഇത് തകര്‍ക്കാനിടയുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഉടന്‍ നീക്കില്ല; ഘട്ടംഘട്ടമായി ചര്‍ച്ചകള്‍ക്കുശേഷം മാത്രം നീക്കം ചെയ്യും. യുദ്ധനാശനഷ്ടങ്ങള്‍ക്ക് റഷ്യയില്‍നിന്ന് കോടതി വഴി നഷ്ടപരിഹാരം തേടാനുള്ള ഉക്രെയ്നിന്റെ അവകാശവും ഈ പദ്ധതി ഇല്ലാതാക്കും.
ഠ സുരക്ഷ
സെലെന്‍സ്‌കിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹമായ നാറ്റോ അംഗത്വം സ്ഥിരമായി ഉപേക്ഷിക്കേണ്ടിവരും. നാറ്റോ ഉക്രെയ്നിനെ ഒരിക്കലും അംഗമാക്കില്ലെന്ന് ഉറപ്പുനല്‍കും; ഉക്രെയ്ന്‍ ഭരണഘടനയും അതനുസരിച്ച് ഭേദഗതി ചെയ്യും. നാറ്റോ ഇനി കിഴക്കോട്ട് വ്യാപിക്കില്ലെന്ന് റഷ്യയുടെ പ്രധാന ആവശ്യം അംഗീകരിക്കും.
നാറ്റോ സൈന്യത്തെ ഉക്രെയ്നില്‍ നിര്‍ത്താന്‍ അനുവദിക്കില്ല; ഉക്രെയ്ന്‍ ആണവായുധ രാജ്യമാകില്ലെന്നും വ്യക്തമാക്കണം. ഉക്രെയ്ന്‍ സൈന്യത്തിന്റെ വലുപ്പം പരമാവധി 6 ലക്ഷമായി പരിമിതപ്പെടുത്തണം (നിലവില്‍ ഏകദേശം 10 ലക്ഷം പറയുന്നു). ഒരു ലക്ഷത്തില്‍ താഴെ മാത്രം വേണമെന്നാണു റഷ്യയുടെ ആവശ്യം.
ഠ നീതി
റഷ്യയെ യുദ്ധക്കുറ്റവാളിയാക്കി കോടതിയില്‍ കൊണ്ടുപോകാനുള്ള എല്ലാ ശ്രമങ്ങളും ഉക്രെയ്ന്‍ ഉപേക്ഷിക്കണം. ജി-8ല്‍ റഷ്യയെ തിരിച്ചെടുക്കുകയും ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് വീണ്ടും ചേര്‍ക്കുകയും ചെയ്യും.
അപൂര്‍വ ധാതുക്കള്‍, ഊര്‍ജം, ആര്‍ട്ടിക് മേഖലകള്‍ തുടങ്ങിയവയില്‍ അമേരിക്ക-റഷ്യ വന്‍തോതിലുള്ള നിക്ഷേപവും വ്യാപാര സഹകരണവും പ്രോത്സാഹിപ്പിക്കും. ഉക്രെയ്ന്‍ ‘ഡി-നാസിഫൈ’ ചെയ്യപ്പെടണം എന്ന് പദ്ധതിയില്‍ പറയുന്നു. റഷ്യ പറയുന്ന ”നാസി-വിരുദ്ധ ദേശീയവാദ” സൈനിക യൂണിറ്റുകളെയും രാഷ്ട്രീയക്കാരെയും ഉദ്ദേശിച്ചാണ് ഇത്.






