Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

രാഷ്ട്രപതി റഫറന്‍സ് ; അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്

 

ന്യൂഡല്‍ഹി: വിവിധ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് ബെഞ്ച് മറുപടി നല്‍കിയത്. ബില്‍ ഗവര്‍ണര്‍ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി.

Signature-ad

അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. വിധി അഞ്ചംഗ ബഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി പറഞ്ഞു. അനിശ്ചിതമായി ബില്ലു പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. അത്തരം ഘട്ടങ്ങളില്‍ കോടതിക്ക് ഇടപെടാം. രാഷ്ട്രപതി ബില്ല് പിടിച്ചുവെച്ചാലും കോടതിക്ക് ഇടപെടാം. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ല. ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കോടതിക്ക് കഴിയില്ല. ബില്ലുകള്‍ നിയമം ആകും മുമ്പ് നിയമ സാധുത കോടതിക്ക് പരിശോധിക്കാനാകില്ലെന്നും രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ ചുമതല കോടതിക്ക് ഏറ്റെടുക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ എടുക്കണം. ബില്ലുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബില്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. തീരുമാനം എടുത്തില്ലെങ്കില്‍ ബില്ല് അംഗീകരിച്ചെന്ന് കണക്കാക്കുന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കില്‍ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതായിരുന്നു ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബഞ്ച് നല്‍കിയ വിധി. ഒരു മാസം മുതല്‍ മൂന്നു മാസം വരെ സമയപരിധി നിശ്ചയിച്ചതോടെ ഇതിനു ശേഷം നടപടി എടുക്കാത്ത ബില്ലുകള്‍ പാസ്സായതായി കണക്കാക്കുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞത്. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടുന്നതായിരുന്നു കോടതി നിര്‍ദേശം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: