തരൂരിനോടുള്ള സന്ദീപ് ദീക്ഷിതിന്റെ ചോദ്യം പ്രസക്തം ; ഓരോ കോണ്‍ഗ്രസുകാരനും മനസില്‍ ചോദിക്കാന്‍ കരുതിവെച്ച ചോദ്യം; ശശി തരൂര്‍ കോണ്‍ഗ്രസ് വിടുമോ ; തരൂരിന്റെ വാക്കുകള്‍ക്കായി കേരളം കാത്തിരിക്കുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ സന്ദീപ് ദീക്ഷിത് കഴിഞ്ഞ ദിവസം ഒരു ചോദ്യമുന്നയിച്ചു, ശശി തരൂര്‍ എംപിയെക്കുറിച്ച്. എന്തിനാണ് തരൂര്‍ കോണ്‍ഗ്രസില്‍ തുടരുന്നതെന്നായിരുന്നു ആ ചോദ്യം.
മോദി സ്തുതി തുടരുന്ന ശശി തരൂരിനോട് ഓരോ കോണ്‍ഗ്രസുകാരനും ചോദിക്കാനാഗ്രഹിച്ച ചോദ്യമായിരുന്നു സന്ദീപ് ദീക്ഷിത് ചോദിച്ചത്.
ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ചു കാലങ്ങളായി കോണ്‍ഗ്രസിലും ബിജെപിയിലും ചര്‍ച്ചയാണ്. ഒരു ലോഭവുമല്ലാതെ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വാഴ്ത്തിപുകഴ്ത്തുന്ന തരൂര്‍ ഏതു വഞ്ചിയിലാണ് കാലിട്ടു നില്‍ക്കുന്നതെന്ന് അറിയാത്ത അവസ്ഥയാണ്.
ഏറ്റവുമൊടുവില്‍ മോദി നടത്തിയ കോണ്‍ഗ്രസിനെതിരെയുള്ള പ്രസംഗത്തെ ഉദാത്തമെന്ന് വിശേഷിപ്പിച്ച തരൂര്‍ തന്റെ മോദിഭക്തി ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. അപ്പോഴാണ് സന്ദീപ് ദീക്ഷിതിനെ പോലുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹികെട്ട് തരൂരിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. ഇനിയും തരൂരിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങളെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പറയുന്നു. നേതൃത്വത്തിന്റെ വാക്കുകളും പാര്‍ട്ടി നിലപാടുകളും പാടേ അവഗണിച്ച് തന്നിഷ്ടപ്രകാരം ഓരോന്ന് വിളിച്ചു പറയുന്ന ശശി തരൂരിനെ എന്തിന് സഹിക്കണമെന്ന് പാര്‍ട്ടിയിലെ പല നേതാക്കളും ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നയങ്ങളേക്കാള്‍ ബിജെപിയുടെ നയങ്ങളോടാണ് പ്രിയമെങ്കില്‍, അതാണ് നല്ലതെന്ന് തോന്നുന്നുവെങ്കില്‍ എന്തിന് കോണ്‍ഗ്രസില്‍ പിടിച്ചുതൂങ്ങിക്കിടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനോട് മുഖത്തുനോക്കി പച്ചയ്ക്ക് ചോദിക്കുന്ന സ്ഥിതി വരെയായി കാര്യങ്ങള്‍.

്അതുകൊണ്ടു തന്നെ തീരുമാനങ്ങളിലേക്കെത്താന്‍ തരൂര്‍ ഇനി വൈകില്ലെന്നാണ് സൂചന.
സന്ദീപ് ദീക്ഷിതിന്റെ വിമര്‍ശനത്തിന് മുന്നേ തന്നെ കേരളത്തില്‍ നിന്ന് എം.എം. ഹസനെപോലുള്ള നേതാക്കള്‍ തരൂരിനെ വിമര്‍ശിച്ചിരുന്നു. തരൂര്‍ മോദിയെ പ്രശംസിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.
തരൂരിന് ഇന്ത്യയെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് സന്ദീപ് ദീക്ഷിത് കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായത്തില്‍ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നത് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായിട്ടാണെങ്കില്‍ നിങ്ങള്‍ ആ നയങ്ങള്‍ പിന്തുടര്‍ന്നോളൂ. നിങ്ങള്‍ എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. എംപി ആയതുകൊണ്ടാണോ കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് – ശശി തരൂരിനോട് സന്ദീപ് ദീക്ഷിതിന്റെ ചോദ്യവും വിമര്‍ശനവും ഇതായിരുന്നു.
തരൂരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള വിചാരണയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടാകുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഉത്തരം പറയുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. തരൂരിനെ കപടനാട്യക്കാരനെന്ന് പരസ്യമായി പറഞ്ഞാണ് സന്ദീപ് ദീക്ഷിത് തരൂരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വളരെ വ്യക്തമായി തരൂരിനോട് കോണ്‍ഗ്രസിന്റെ നിലപാട് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്.
ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ തന്ത്രങ്ങള്‍ പാര്‍ട്ടിയേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംപി കരുതുന്നുവെങ്കില്‍, അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
സന്ദീപിനു പുറമെ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും തരൂരിനെതിരെ രൂക്ഷമായ ഭാഷയില്‍ തരൂരിന്റെ കോണ്‍ഗ്രസ് വിരുദ്ധ – മോദിഭക്തിക്കെതിരെ ആഞ്ഞടിച്ചിരുന്നു.

തരൂരിനെതിരെ കേരളത്തില്‍ എം.എം.ഹസന്‍ നടത്തിയ വിമര്‍ശനവും അതിരൂക്ഷമായിരുന്നു. ഒരു പ്രതിപക്ഷാംഗത്തെ വിമര്‍ശിച്ച് കുറ്റപ്പെടുത്തുന്നതിലും രൂക്ഷമായാണ് ഹസന്‍ തരൂരിനെതിരെ ആഞ്ഞടിച്ചത്. അതും പരസ്യമായി ഒരു ചടങ്ങില്‍ വെച്ച്. നെഹ്റു സെന്റര്‍ നടത്തിയ നെഹ്റു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഹസന്റെ വിമര്‍ശനം. അദ്വാനിയെ തരൂര്‍ പുകഴ്ത്തിയത്തിനു തൊട്ടുപിന്നാലെയായിരുന്നു ഹസന്‍ തരൂരിനെതിരെ പരസ്യവിമര്‍ശനം നടത്തിയത്.
ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കുന്നുവെന്ന് പറഞ്ഞ എം.എം. ഹസന്‍ നെഹ്‌റു കുടുംബത്തിന്ററെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും തുറന്നടിച്ചു. അദ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ തരൂര്‍ ഇകഴ്ത്തി കാണിച്ചുവെന്നും രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍ എന്നും ഹസന്‍ വിമര്‍ശിച്ചു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്‌റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നത്. നെഹ്‌റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന്‍ ഇത്രയും പറഞ്ഞതെന്നും ഹസന്‍ ആ ചടങ്ങില്‍ വെച്ച് തരൂരിനെതിരെ പറഞ്ഞിരുന്നു.
സംസ്ഥാന-ദേശീയ നേതാക്കളെല്ലാം ശശി തരൂരിനെ കടന്നാക്രമിക്കുന്നത് തുടരുമ്പോള്‍ തരൂരിന് പടച്ചട്ടയൊരുക്കാന്‍ ബിജെപി രംഗത്തെത്തുന്നതും കൂട്ടിവായിക്കേണ്ടതാണ്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാല്‍, ആ വ്യക്തിക്കെതിരെ കോണ്‍ഗ്രസ് ഒരു ഫത്വ പുറപ്പെടുവിക്കുകയാണെന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലയുടെ വാക്കുകള്‍. തരൂരിനെ പ്രൊട്ടക്ട് ചെയ്യാന്‍ ആരുമില്ലെന്ന് കരുതേണ്ട എന്ന് ബിജെപി നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. തരൂര്‍ കോണ്‍ഗ്രസ് വിട്ടുവന്നാല്‍ ബിജെപി രണ്ടുകയ്യും നീട്ടി അദ്ദേഹത്തെ സുസ്വാഗതം ചെയ്യുമെന്നതില്‍ സംശയമേ വേണ്ട. തരൂര്‍ കോണ്‍ഗ്രസ് വിട്ട് സ്വയം പടിയിറങ്ങുമോ അതോ കോണ്‍ഗ്രസിനെക്കൊണ്ട് ഗെറ്റൗട്ട് പറയിപ്പിക്കുമോ എന്നതേ ഇനി അറിയാനുള്ളു.
ഇത്രയേറെ മോദി വാത്സല്യവുമായി തരൂരിന് ഇനി കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍, അധികം വൈകാതെ തന്നെ തരൂര്‍ പുതിയ വഴിക്ക് യാത്ര തിരിയുമെന്നാണ് കോണ്‍ഗ്രസും ബിജെപിയും കരുതുന്നത്. തിരുവനന്തപുരത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടുപിടക്കാനൊക്കെ ശശി തരൂര്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും തരം കിട്ടുമ്പോള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും തരം കണ്ടെത്തി ബിജെപിയെ പുകഴ്ത്താനും ശശി തരൂര്‍ ശ്രമിക്കുന്നത് ഉള്ളിലിരുപ്പ് മറ്റൊന്നായതുകൊണ്ടാണെന്നാണ് കരുതേണ്ടത്.





