വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല; കുറ്റവാളി കൈമാറ്റ കരാര്‍ പാലിക്കില്ല; അപേക്ഷ തള്ളാനുള്ള വ്യവസ്ഥ ഉപയോഗിക്കും; സൗഹൃദത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഉണ്ടെങ്കിലും അപേക്ഷ തള്ളാനും വ്യവസ്ഥകളുണ്ട്. ഇതോടെ ഇന്ത്യ ബംഗ്ലദേശ് ബന്ധം കൂടുതല്‍ മോശമായേക്കും. 2013 ല്‍ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം ഒരു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ പരസ്പരം കൈമാറണം എന്നാണ് വ്യവസ്ഥ.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം തെളിഞ്ഞാല്‍ ഈ ഇളവ് ബാധകമല്ല. ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കാരണമായ പ്രധാന കുറ്റം മനുഷ്യാവകാശ ലംഘനമാണ്. കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ കൈമാറണം എന്നാണ് ബംഗ്ലദേശ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സൗഹൃദത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു
സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ത്യ പ്രതികരിക്കുക. ബംഗ്ലദേശ് ജനതയുടെ താല്‍പര്യത്തിനാണ് പ്രഥമപരിഗണനയെന്നും സമാധാനം, ജനാധിപത്യം, സ്ഥിരത എന്നി പരിഗണിച്ചാണ് ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാവുക എന്നുമാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
നിലവില്‍ തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ അത്ര മികച്ച ബന്ധമല്ല. അത് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബംഗ്ലദേശില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അതിനു ശേഷമേ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കുന്നതില്‍ ഇന്ത്യ തീരുമാനമെടുക്കുകയുള്ളൂ.
ധാക്കയിലെ സ്‌പെഷല്‍ ട്രൈബ്യൂണലാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടു, അനധികൃത വധശിക്ഷകള്‍ നടപ്പാക്കി, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങള്‍ ഹസീനയ്‌ക്കെതിരെ തെളിഞ്ഞുവെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. എന്നാല്‍ ട്രൈബ്യൂണല്‍ വിധി ഗൂഢാലോചനയാണെന്നായിരുന്നു ഹസീനയുടെ പ്രതികരണം. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതോടെയാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്.




