
പത്തനംതിട്ട : ശബരിമലയില്‍ തിക്കു തിരക്കും നിയന്ത്രണാതീതം. ദര്‍ശനം കിട്ടാതെ നിരവധി ഭക്തര്‍ മടങ്ങി. നിലവില്‍ ശബരിമലയിലെ സ്ഥിതി ഭയനാകമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. ദര്‍ശന സമയം നീട്ടിയിട്ടും തിരക്കിന് കുറവില്ല. നാടിന്റെ നാനാഭാഗത്തു നിന്നും വന്‍ ഭക്തജനപ്രവാഹം.
ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണെന്നും കെ.ജയകുമാര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന് നടപടികളെടുക്കുമെന്നും പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പോലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്‌സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കും.
സന്നിധാനത്ത് അയ്യപ്പഭക്തരുടെ വന്‍ തിരക്കാണ് വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്കു സമീപവും അനുഭവപ്പെടുന്നത്. പോലീസിനെക്കൊണ്ട് മാത്രം തിരക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണുള്ളത്. പോലീസിന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കാത്ത അവസ്ഥയാണ്. പോലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡെല്ലാം മറികടന്ന് അയ്യപ്പഭക്തര്‍ മുന്നോട്ടുപോകുന്ന സ്ഥിതിവരെയുണ്ടായി.
മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നിട്ടും ദര്‍ശനം കിട്ടാതെ ധാരാളം തീര്‍ത്ഥാടകര്‍ മടങ്ങിപ്പോയ സ്ഥിതിയുമുണ്ടായി. ഇവര്‍ പിന്നീട് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
ഇതിലേറെയും ബംഗളുരു, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരായിരുന്നു. മണിക്കൂറുകളാണ് ഇവര്‍ പമ്പയില്‍ ക്യൂ നിന്നത്. കുട്ടികളും പ്രായമായവരും കൂട്ടത്തിലുണ്ടായിരുന്നു.
അതിനിടെ നിലയ്ക്കലില്‍ നിന്നും സന്നിധാനത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ കഴിയാതെ തീര്‍ത്ഥാടകര്‍ തിക്കും തിരക്കും കൂട്ടുന്ന കാഴ്ചയുമുണ്ട്. മുന്‍വര്‍ഷങ്ങളിലെപ്പോലുള്ള ക്രമീകരണങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കിയിട്ടില്ല. അയ്യപ്പഭക്തര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറുന്നതിന് ബാരിക്കേഡുകള്‍ കെട്ടി വരിനില്‍ക്കാനുള്ള സംവിധാനം മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് സജ്ജമാക്കിയിട്ടില്ല.
ഇതാണ് തീര്‍ത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.
സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാന്‍ സാധാരണയായി ഉണ്ടാകാറുള്ള എന്‍ഡിആര്‍എഫ്, ആര്‍എഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതല്‍ ഭയാനകമാക്കിയിരിക്കുന്നത്.






