Breaking NewsIndiaKeralaLead NewsLocalNEWSNewsthen SpecialSports

തൃശൂരിന് അഭിമാനം; കല്‍ക്കത്ത പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനായി ബിനോ ജോര്‍ജ്; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി; പിറന്നാള്‍ സമ്മാനമായി നേട്ടം

 

തൃശൂര്‍: കേരളത്തിന് പ്രത്യേകിച്ച് തൃശൂരിന് അഭിമാനമായി ഫുട്‌ബോള്‍ പരിശീലകന്‍ ബിനോ ജോര്‍ജ്.
കല്‍ക്കട്ട പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനായി ബിനോ ജോര്‍ജിനെ തെരഞ്ഞെടുത്തു. ഈസ്റ്റ് ബംഗാള്‍ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ അദ്ദേഹം ടീമിനെ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരാക്കിയതിനാണ് ഈ അംഗീകാരം.
ജര്‍മന്‍ ഫുട്‌ബോള്‍ താരം ലോതര്‍ മതേവൂസ് ബിനോ ജോര്‍ജിന് പുരസ്‌കാരം സമ്മാനിച്ചു.
ഈ വരുന്ന 22ന് പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന ബിനോ ജോര്‍ജിന് ഈ അംഗീകാരം ഇത്തവണത്തെ പിറന്നാള്‍ സമ്മാനമായിരിക്കുകയാണ്.
2022ല്‍ കേരളം സന്തോഷ് ട്രോഫി ജേതാക്കളാകുമ്പോള്‍ പരിശീലകനായിരുന്നു തൃശൂര്‍ സ്വദേശിയായ ബിനോ. 2017 മുതല്‍ 2019 വരെ ഐ ലീഗ് ക്ലബ് ഗോകുലം കേരളയേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Signature-ad


26 ടീമുകള്‍ കളിക്കുന്ന ലീഗില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടീമിന്റെ പ്രകടനം കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്. കഴിഞ്ഞ തവണ തോല്‍വി അറിയാതെയാണ് ബിനോയ്ക്ക് കീഴില്‍ ഈസ്റ്റ് ബംഗാള്‍ കിരീടം നേടിയത്. ഇത്തവണ ഒരു മത്സരത്തില്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്. മോഹന്‍ ബഗാനെതിരെ ഡര്‍ബിയിലും ഈസ്റ്റ് ബംഗാള്‍ തന്നെയാണ് ജയിച്ചത്. ബംഗാളിലെ ഏറ്റവും മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മലയാളി കൂടിയാണ് ബിനോ.
തനിക്കു ലഭിച്ച നേട്ടം ദൈവാനുഗ്രഹമാണെന്ന് ബിനോ ജോര്‍ജ് പറഞ്ഞു.
തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ 14-ാം വയസില്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ ബിനോ പിന്നീട് ഇന്റര്‍-കൊളീജിയറ്റ്, ജില്ലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചു. 1998ല്‍ തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ നടന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം തമിഴ്നാട് സംസ്ഥാന അണ്ടര്‍-21 ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു, കൂടാതെ അണ്ണാമലൈ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിനെ പ്രതിനിധീകരിച്ചു. എഎഫ്‌സി പ്രൊഫഷണല്‍ കോച്ചിംഗ് ഡിപ്ലോമ പാസായ ബിനോ ജോര്‍ജ് കേരളത്തില്‍ നിന്നുള്ള ആദ്യത്തെ പ്രോ ലൈസന്‍സ് ഹോള്‍ഡറാണ്.

 

Back to top button
error: