തട്ടത്തിന്‍ മറയത്തു നിന്നും ഉയരുന്ന വിമത സ്വരങ്ങള്‍ ; കാലൊടി സുലൈഖ തിരൂരങ്ങാടിയില്‍ പ്രചരണം തുടങ്ങി ; നോട്ടമിട്ട് എല്‍ഡിഎഫ് ; വിമതയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ്

മലപ്പുറം : തട്ടത്തിന്‍ മറയത്തു നിന്ന് വിമത സ്വരങ്ങളുയരുമ്പോള്‍ തിരൂരങ്ങാടി വീണ്ടും മുസ്ലിം ലീഗിന് തലവേദനയാവുകയാണ്. മലപ്പുറം തിരൂരങ്ങാടി നഗരസഭയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ വീട് ഉള്‍പ്പെടുന്ന 25-ാം ഡിവിഷനിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി കാലൊടി സുലൈഖ പ്രചരണവുമായി മുന്നോട്ടുപോകുമ്പോള്‍ എങ്ങിനെ ഈ പെണ്‍പുലിയെ കടിഞ്ഞാണിട്ടു പിടിച്ചുകെട്ടണമെന്നറിയാതെ വിഷമിക്കുകയാണ് ലീഗ്് നേതൃത്വം.
വിമതയായി സുലൈഖ കളത്തിലിറങ്ങിയതോടെ
പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് സുലൈഖയെ നീക്കിയിരുന്നു. തിരൂരങ്ങാടി മുന്‍സിപ്പല്‍ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി, എസ്ടിയു ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ ഭാരവാഹിത്വത്തില്‍ നിന്നാണ് സുലൈഖയെ മാറ്റിയത്.
ലീഗിന്റെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാലൊടി സുലൈഖയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി സി.പി.ഹബീബക്ക് എതിരെയാണ് സുലൈഖ മത്സരിക്കുന്നത്. എന്തു സംഭവിച്ചാലും താന്‍ മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സുലൈഖ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഡിവിഷനിലെ പ്രശ്‌നം പരിഹരിക്കാനാവാത്തത് ലീഗിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.വവനിലവില്‍ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷയാണ് കാലൊടി സുലൈഖ. 25-ാം ഡിവിഷന്‍ തിരൂരങ്ങാടി കെ.സി. റോഡ് ഡിവിഷനില്‍ പ്രചാരണം തുടങ്ങിയപ്പോള്‍ ഇവര്‍ക്ക് പിന്തുണയുമേറിയിട്ടുണ്ട്.
വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക് ഇവരുടെ പേര് ഉയര്‍ന്നിരുന്നതാണ്. തര്‍ക്കമുയര്‍ന്നതോടെ ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം ഇല്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി തീരുമാനിച്ചു. അതോടെ കാലൊടി സുലൈഖ വിമത സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുകയായിരുന്നു.
നിലവിലെ കൗണ്‍സിലര്‍ മുസ്ലിംലീഗിലെ സി.പി. ഹബീബ ഈ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും ഇവരുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അതിനിടെയാണ് വിമതസ്ഥാനാര്‍ഥി രംഗത്തെത്തിയത്. മുന്‍പും വിമത സ്ഥാനാര്‍ഥിയായി തിരൂരങ്ങാടിയില്‍ മത്സരിക്കുകയും ഗ്രാമപ്പഞ്ചായത്ത് അംഗമാവുകയും ചെയ്തയാളാണ് കാലൊടി സുലൈഖ. സുലൈഖ കാലൊടിയെ ഇടതുപക്ഷം പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്നും വനിതാ ലീഗിന്റെ മുനിസിപ്പല്‍ ജനറല്‍സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷയുമായ കാലൊടി സുലൈഖ പറഞ്ഞു.
വിമതപ്രവര്‍ത്തനം നടത്തുന്നത് പാര്‍ട്ടി അംഗീകരിക്കില്ലെന്നും ഇത്തരക്കാരുടെ പേരില്‍ കര്‍ശന നപടികള്‍ ഉണ്ടാകുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു.
എന്തു തന്നെയായാലും മുസ്ലിം ലീഗിന്റെ തീരുമാനങ്ങളോട് എതിര്‍ത്തൊന്നും പറയാതെ അത്് അംഗീകരിച്ചനുസരിച്ചിരുന്ന വനിതാ നേതാക്കളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്ന് കാലൊടി സുലൈഖ കാണിച്ചു തരുന്നു. ശക്തമായ നിലപാടുകളും അഭിപ്രായങ്ങളുമായി കാലൊടി സുലൈഖ പ്രചരണവുമായി മുന്നേറുമ്പോള്‍ മുസ്ലിം ലീഗ് പതറുകയാണ്, തട്ടത്തിന്‍ മറയത്തു നിന്നുയരുന്ന വിമത സ്വരങ്ങളെ തടയാനാകാതെ.






