Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ച ജെയിംസ് വാട്‌സണ്‍ അന്തരിച്ചു ; നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ;

 

ചിക്കാഗോ : ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചതിന് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ കണ്ടെത്തലിനൊപ്പം, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

Signature-ad

ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായി മാറിയ ഡിഎന്‍എ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎന്‍എയുടെ പിരിയന്‍ ഗോവണി (ഡബിള്‍ ഹീലിക്‌സ്) ഘടന വാട്‌സണ്‍ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ല്‍ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തി.

ചിക്കാഗോയില്‍ ജനിച്ച വാട്‌സണ് ഇത്ര വലിയൊരു കണ്ടുപിടിത്തം നടത്തുമ്പോള്‍ പ്രായം വെറും 24. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴി വെട്ടിത്തുറന്ന ആ കണ്ടുപിടിത്തത്തിലൂടെ വാട്‌സണ്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി. അതേ മനുഷ്യന്‍ തന്നെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍, കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ. പരാമര്‍ശം നടത്തി ലോകത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങി.

ഡിഓക്‌സിറൈബോന്യൂക്ലിക് ആസിഡ് അഥവാ ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന, പാരമ്പര്യ വിവരങ്ങള്‍ എങ്ങനെ സംഭരിക്കുന്നു എന്നും കോശങ്ങള്‍ വിഭജിക്കുമ്പോള്‍ അവയുടെ ഡി.എന്‍.എ എങ്ങനെ പകര്‍പ്പെടുക്കുന്നു എന്നും സൂചന നല്‍കി. ജീവികളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുക, രോഗികള്‍ക്ക് ജീനുകള്‍ നല്‍കി ചികിത്സിക്കുക, ഡിഎന്‍എ സാമ്പിളുകളില്‍ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയവയ്‌ക്കെല്ലാം ഈ കണ്ടെത്തല്‍ വഴി തുറന്നു.

താനും ഫ്രാന്‍സിസ് ക്രിക്കും നൂറ്റാണ്ടിന്റെ കണ്ടെത്തലാണ് നടത്തിയതെന്നാണ് വാട്‌സണ്‍ അന്ന് പ്രതികരിച്ചത്. എന്നാല്‍ ആ പിരിയന്‍ ഗോവണി ഘടന ശാസ്ത്രത്തിലും സമൂഹത്തിലും ഇത്രയും ചലനം ഉണ്ടാക്കുമെന്ന് ഒരിക്കലും മുന്‍കൂട്ടി കണ്ടിരുന്നില്ല എന്നാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. ഇത്രയും വലിയ മറ്റൊരു കണ്ടെത്തല്‍ വാട്‌സണ്‍ പിന്നീട് നടത്തിയിട്ടില്ല. എന്നാല്‍ മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. മിടുക്കരായ യുവ ശാസ്ത്രജ്ഞര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം ശ്രദ്ധിച്ചു.

 

Back to top button
error: