എം.എ.യൂസഫലിക്ക് യു.എ.ഇ പ്രധാനമന്ത്രിയുടെ കയ്യൊപ്പിട്ട പുസ്്തകം സമ്മാനിച്ചു ; സന്തോഷവും നന്ദിയും അറിയിച്ച് യൂസഫലി

ദുബായ് : ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി.
ലോകത്തിലെ പ്രധാനപ്പെട്ട ഒരു വിശിഷ്ട വ്യക്തിയുടെ കയ്യൊപ്പു പതിഞ്ഞ പുസ്തകം യൂസഫലിക്ക് ലഭിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യൂസഫലിക്ക് പുസത്കം സമ്മാനിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കയ്യൊപ്പ് പതിഞ്ഞ ‘ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്‍’ എന്ന പുസ്തകമാണ് അദ്ദേഹം യൂസഫലിക്ക് സമ്മാനിച്ചത്.
ദുബായ് ഭരണാധികാരിയുടെ ഒപ്പ് പതിഞ്ഞ പുസ്തകം കൈപ്പറ്റിയതിന്റെ സന്തോഷം യൂസഫലി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
യൂസഫലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്….
ആദരണീയനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്ണിന്റെ കൈയ്യൊപ്പോടു കൂടിയ പകര്‍പ്പ് അയച്ചുതന്നതില്‍ ഞാന്‍ അത്യധികം നന്ദിയുള്ളവനാണ്. വലിയ ജ്ഞാനവും അറിവും ദീര്‍ഘവീക്ഷണവുമുള്ള നേതാവ് എന്ന നിലയില്‍, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് ഇപ്പോഴത്തെ തലമുറയ്ക്കും ഭാവി തലമുറയ്ക്കും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ഈ പുസ്തകം സ്വീകരിക്കാന്‍ എന്നെ പരിഗണിച്ചതില്‍ ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
ഓരോ വരിയും വായിക്കുമ്പോള്‍ അത് വെറും പുസ്തകത്താളുകളല്ല, മറിച്ച് ദുബായിയുടെ ചരിത്രത്തിലേക്ക് തുറക്കുന്ന വാതിലുകളാണ്.
ഷെയ്ഖ് മുഹമ്മദ് സ്വന്തം കൈപ്പട കൊണ്ടെഴുതിയ സന്ദേശമുള്ള പേജും പുസ്തകത്തിന്റെ പുറംചട്ടയും പങ്കുവച്ചുകൊണ്ടാണ് യൂസഫലിയുടെ കുറിപ്പ്.
ദുബായ് എന്ന അത്ഭുത നഗരത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ഊര്‍ജവും ഒരു ഭരണാധികാരിയുടെ ചിന്തകളും അനുഭവങ്ങളുമാണ് ലെസന്‍സ് ഫ്രം ലൈഫ്: പാര്‍ട്ട് വണ്‍ എന്ന പുസ്തകത്തിലുള്ളത്.






