Breaking NewsIndiaKeralaLead NewsLocalNEWS

സൂക്ഷിക്കണം….ശ്രദ്ധിക്കണം; വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ചുകുടഞ്ഞ തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു: പേവിഷബാധ സ്ഥിരീകരിച്ചത് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍: സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക് പേ വിഷബാധ ലക്ഷണങ്ങള്‍: കടിയേറ്റവരുണ്ടെങ്കില്‍ അടിയന്തിരമായി ചികിത്സ തേടണം

 

പാലക്കാട്: കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ചു കീറിയ തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്ക് പേ വിഷബാധ ലക്ഷണങ്ങളും കണ്ടതോടെ നാടാകെ പരിഭ്രാന്തിയില്‍.
നാട്ടുകാര്‍ കഴിഞ്ഞ ദിവസം തന്നെ തല്ലിക്കൊന്ന നായയെ തൃശൂര്‍ മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് കിടപ്പു രോഗിയായ പുളിമ്പറമ്പ് വിശാലത്തിന് (55) തെരുവ് നായയുടെ കടിയേറ്റത്. വീടിനു മുന്‍വശത്തെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു വിശാലം ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം കൈ കട്ടിലിന്റെ പുറത്തേക്കിട്ടിരുന്നു. തെരുവില്‍നിന്നും ഓടിയെത്തിയ നായ വിശാലത്തിന്റെ കൈ കടിച്ചു കുടയുകയായിരുന്നു.
കയ്യിലെ മാംസം പുറത്തുവരുന്ന രീതിയില്‍ മാരകമായ അവസ്ഥയിലായ വിശാലത്തിന്റെ നിലവിളി കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും നായ മറ്റൊരു ഭാഗത്തേക്ക് ഓടിമറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിശാലത്തെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. തുടര്‍ന്ന് പട്ടിയുടെ ജഡം മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ എത്തിച്ച പരിശോധന നടത്തിയതില്‍ ആണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
ഇതിനിടെ കമ്മാന്തറയില്‍ മറ്റൊരു പശുക്കുട്ടിക്കും പേവിഷബാധ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ടുമൂന്നു ദിവസമായി പശുക്കുട്ടിക്ക് പനിയും ഭക്ഷണം എടുക്കാതെയും തുടര്‍ന്നതിനാല്‍ വടക്കഞ്ചേരി വെറ്റിനറി സര്‍ജന്‍ പി ശ്രീദേവി പരിശോധന നടത്തിയതില്‍ ആണ് പശുക്കുട്ടിക്കും രോഗലക്ഷണം ഉള്ളതായി സംശയിക്കുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ പട്ടിയുടെ കടിയേല്‍ക്കുകയോ മറ്റെന്തെങ്കിലും സംശയമുള്ളവര്‍ പേ വിഷബാധയ്‌ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്നും ഡോക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: