
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ആർക്കും പരാതിയില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
പരാതിയില്ലെന്ന് മാത്രമല്ല കൈയ്യടികളെ ഉള്ളൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
വേടന് പോലും…
മന്ത്രി ഉദ്ദേശിച്ചത് എന്താണ് ?
പരാമർശത്തെ വിശദീകരിച്ച് സജി ചെറിയാൻ
വേടന് പോലും പുരസ്‌കാരം നൽകിയെന്ന പരാമർശത്തെ കുറിച്ചും മന്ത്രിക്ക് പിന്നീട് വിശദീകരിക്കേണ്ടി വന്നു . കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് വേടനു പോലും എന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.






