Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘എസി റൂമിലെ എലിവാണങ്ങള്‍ പുറത്തിറങ്ങി അല്‍പം വെയിലുകൊണ്ട് നടക്കണം; കേരളം എങ്ങനെ മാറിയിരിക്കുന്നു എന്ന് പണ്ഡിത ശ്രേഷ്ഠര്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും; നിന്റെയൊന്നും ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’; അതിദാരിദ്ര്യ മുക്ത പദ്ധതിയെ വിമര്‍ശിച്ചവര്‍ക്കു പരിഹാസവുമായി ബെന്യാമിന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാമാക്കി പ്രഖ്യാപിക്കുന്നതിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിനും സാമ്പത്തിക വിദഗ്ധര്‍ക്കും പരിഹാസവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. രാവിലെ ഒമ്പതിനു തുടങ്ങിയ പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഇതിനു തെളിവെവിടെ എന്നു ചോദിച്ച രംഗത്തെത്തിയ സാമ്പത്തിക വിദഗ്ധര്‍ എസി റൂമിലെ എലിവാണങ്ങളാണെന്നും കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഈ കേരളത്തില്‍ എന്തു നടക്കുന്നു എന്നറിയാത്ത ഈ സ്വയം പ്രഖ്യാപിത പണ്ഢിത ശ്രേഷ്ഠര്‍ എ സി റൂമില്‍ നിന്ന് ഒന്നിറങ്ങി ജനങ്ങള്‍ക്കിടയിലൂടെ ഇത്തിരി വെയിലുകൊണ്ട് നടന്നാല്‍ ഈ കേരളം എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയുമെന്നും പറയുന്നു.

 

പോസ്റ്റിന്റെ പൂര്‍ണരൂപം

Signature-ad

കുറേ നളുകള്‍ക്കു മുന്‍പ് ഒരു രാത്രി ഞാന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുന്നു. അപ്പോള്‍ സര്‍ക്കാരില്‍ നിന്ന് വിരമിച്ച ഒരു മുതിര്‍ന്ന ഉഗ്യോഗസ്ഥന്‍ വന്നുപരിചയപ്പെട്ടു. പല സംസാരങ്ങള്‍ക്കിടയില്‍ ഈ രാത്രി എങ്ങോട്ട് പോകുന്നു എന്നന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, നമ്മുടെ സംസ്ഥാനത്തിനെ അതിദാരിദ്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ അത് പ്രഖ്യാപിക്കും മുന്‍പ് വീണ്ടും ഒരിക്കല്‍ കൂടി ഫീല്‍ഡില്‍ ഇറങ്ങി സൂക്ഷ്മമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഉദ്യോഗസ്ഥ തലത്തില്‍ എന്തെങ്കിലും കുറവുകളോ പിഴവുകളോ വന്ന് ആരെങ്കിലും ഒഴിവായിപ്പോയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ഞങ്ങളുടെ ദൗത്യം. അതിനു വേണ്ടിയുള്ള ഒരു യാത്രയിലാണ്. അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ പ്രാഖ്യാപനം വരുമ്പോള്‍ ചിലര്‍ എന്തെങ്കിലും ഒരു പിഴവ് കണ്ടെത്തി എതിര്‍പ്പുമായി ചാടി വീഴാനിടയുണ്ട്. ആ പഴുത് കൂടി അടയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ആ സന്ദേഹം എത്ര കൃത്യമായിരുന്നു എന്ന് ഈ നല്ല ദിനത്തില്‍ ചില എ സി റൂം ‘എലിവാണങ്ങള്‍’ തെളിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഈ കേരളത്തില്‍ എന്തു നടക്കുന്നു എന്നറിയാത്ത ഈ സ്വയം പ്രഖ്യാപിത പണ്ഢിത ശ്രേഷ്ഠര്‍ക്ക് ഇപ്പോള്‍ തെളിവ് വേണമത്രേ. അയ്യോ ശ്രേഷ്ഠരേ, എ സി റൂമില്‍ നിന്ന് ഒന്നിറങ്ങി ജനങ്ങള്‍ക്കിടയിലൂടെ ഇത്തിരി വെയിലുകൊണ്ട് നടന്നാല്‍ ഈ കേരളം എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും. അങ്ങനെ രാപകല്‍ നടന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ കുറച്ചു മനുഷ്യരുടെ ചങ്കുറപ്പിലാണ് ഇന്ന് കേരളം അതിദാരിദ്ര്യ മുക്തമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്നത്. അതിനു നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ ജനങ്ങള്‍ക്കാവശ്യമില്ല.

എന്ത് നല്ല കാര്യം നടന്നാലും അതിനെതിരെ ചാടി വീഴുന്ന ചില കൊച്ചമ്മവന്മാര്‍ എല്ലാ ദേശത്തുമുണ്ട്. ഇവറ്റകളെയും അക്കൂട്ടത്തില്‍ മാത്രം കണ്ടാല്‍ മതി. സാക്ഷരത പോലെ, ജനകീയാസൂത്രണം പോലെ, സ്ത്രീശാക്തീകരണം പോലെ, ആരോഗ്യ സൂചികപോലെ അതി ദാരിദ്യ മുക്തിയിലും കേരളം ലോകത്തിനു മാതൃകയാവുന്നതില്‍ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം. ഈ എലിവാണങ്ങളെ ബഹിരാകാശത്തേക്ക് കയറ്റി അയക്കാന്‍ നാസയോട് അഭ്യര്‍ത്ഥിക്കുകയല്ലാതെ താത്ക്കാലം വേറെ മാര്‍ഗ്ഗമില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: