Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

നാലര വര്‍ഷത്തെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഫലം; അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ ചരിത്ര നേട്ടവുമായി തൃശൂര്‍; ഭക്ഷണം, ആരോഗ്യം, അഭയം; എല്ലാ മേഖലയിലും നൂറു ശതമാനം നേട്ടം

തൃശൂര്‍: നാലര വർഷത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ ഫലമായാണ് അതിദാരിദ്ര്യ മുക്ത തൃശ്ശൂരിനെ യാഥാർത്ഥ്യമാക്കിയതെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ അതിദരിദ്രരില്ലാത്ത ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം.

രാജ്യത്ത് ആദ്യമായി ഒരു നിയമസഭയുടെ സമ്പൂർണ്ണ യോഗം ചേർന്ന് അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തുന്നതും നമ്മുടെ സംസ്ഥാനമാണ്. കുടുംബശ്രീ വഴി സംസ്ഥാനത്ത് 64,006 അതിദരിദ്രരെ കണ്ടെത്തി, ആ കുടുംബങ്ങളെയെല്ലാം അതിദാരിദ്ര്യമുക്തമാക്കിയെന്നും, ഒരു ലക്ഷ്യമുണ്ടെങ്കിൽ സ്ഥായിയായ പരിശ്രമത്തിലൂടെ അത് നേടാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് സംസ്ഥാനം കൈവരിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിദരിദ്രരെ കണ്ടെത്തുന്നത് മുതൽ പ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും മികച്ച പ്രവർത്തനം നടത്തിയ കുടുംബശ്രീ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

Signature-ad

ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മറ്റൊരു കേരള വികസന മാതൃകയായി അതിദാരിദ്ര്യമുക്ത കേരളം മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. സാമൂഹികനീതിയിലധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്. അതിദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ ഭക്ഷണം, പാർപ്പിടം, ഭൂമി, വിദ്യാഭ്യാസം, തൊഴിൽ, മറ്റ് സേവനങ്ങൾ എന്നിവ ലഭ്യമാക്കി. തൃശ്ശൂർ ജില്ലയിൽ കണ്ടെത്തിയ 5013 കുടുംബങ്ങളാണ് ഇന്ന് അതിദാരിദ്ര്യമുക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒക്ടോബർ 15-ന് സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ട് പ്രകാരം, ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ നാല് പ്രധാന ക്ലേശഘടകങ്ങളിലും ജില്ല 100 ശതമാനം ലക്ഷ്യം കൈവരിച്ച്, ഇനി സഹായം ലഭിക്കാൻ ആരും ബാക്കിയില്ലെന്ന അസാധാരണ നേട്ടമാണ് സ്വന്തമാക്കിയത്. റിപ്പോർട്ട് അനുസരിച്ച്, ഭക്ഷണം ആവശ്യമായിരുന്ന 1022 പേർക്കും, ആരോഗ്യപരമായ സഹായം വേണ്ട 2535 പേർക്കും, വരുമാനം ക്ലേശഘടകമായിരുന്ന 389 പേർക്കും, അഭയം ആവശ്യമുള്ള 1112 പേർക്കും സഹായം ഉറപ്പാക്കി. കുടുംബശ്രീ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ അതിദരിദ്രരെ കണ്ടെത്തി പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് ജില്ലയെ അതിദാരിദ്ര്യമുക്തമാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് കെ.വി. നഫീസ, സെക്രട്ടറി കെ.ആർ. രവി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. അഹമ്മദ്, ഡി.എം.ഒ. ഡോ. ടി.പി. ശ്രീദേവി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ- ഇൻ- ചാർജ് കെ. രാധാകൃഷ്ണൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഡി. സാജു, അതിദാരിദ്ര്യം നിർമ്മാർജ്ജന പദ്ധതി ജില്ലാ പ്രൊജക്റ്റ് ഡയറക്ടർ ടി.ജി. അബിജിത്ത്, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി. ആൻ്റണി, ജനപ്രതിനിധകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: