ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് തിരിച്ചടി; ഉടമസ്ഥാവകാശം റദ്ദാക്കി; വനംവകുപ്പ് നടപടി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി

കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
2015 ല്‍ ആനക്കൊമ്പുകള്‍ ഡിക്ലയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയും തുടര്‍ന്ന് 2016 ജനുവരി 16നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹന്‍ലാലിന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു.
2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹന്‍ലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹന്‍ലാലിന്റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 2015 ല്‍ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ 2015ലെ ഗസറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് സര്‍ക്കാരിന്റെ പിഴവായി ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയിലുണ്ടായ പിഴവ് മൂലം ഇവ കൈവശം വെക്കാനുള്ള ലൈസന്‍സിന് പ്രസക്തിയില്ല എന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.






